മൂന്ന്‌ ദിവസം കൊണ്ട്‌ 165 കോടി; ബാഹുബലി വിസ്‌മയമാകുന്നു…

ഇതിഹാസ കഥകളുടെ ചലച്ചിത്രാവിഷ്‌ക്കാര പട്ടികയില്‍ ഹോളിവുഡിന്‌ ഒന്നാന്തരം മറുപടിയായി വിശേഷിപ്പിക്കുന്ന എസ്‌എസ്‌ രാജമൗലിയുടെ ബാഹുബലി ഇന്ത്യന്‍ സിനിമയിലെ വിസ്‌മയമാകുന്നു. വിഷ്വല്‍ എഫക്‌ട്സുകളുടെ പൂര്‍ണ്ണതയുടെ കാര്യത്തില്‍ ഏതൊരു ഇന്ത്യന്‍ സിനിമയേയും കടത്തിവെട്ടുന്ന ബാഹുബലി വെറും മൂന്ന്‌ ദിവസം കൊണ്ട്‌ വാരിയത്‌ 165 കോടി രൂപ. പ്രദര്‍ശനം ഒരാഴ്‌ച പിന്നിടും മുമ്പായി 200 കോടി ക്‌ളബ്ബില്‍ സ്‌ഥാനം നേടുമെന്നാണ്‌ വിപണി പ്രതീക്ഷകള്‍.

ടിക്കറ്റ്‌ വിന്‍ഡോയില്‍ മാത്രം 45 കോടി രേഖപ്പെടുത്തിയ ചിത്രം മൂന്നാം ദിനത്തിലേക്ക്‌ കടക്കുമ്പോള്‍ ഇന്ത്യയ്‌ക്ക് പുറത്ത്‌ മാത്രം 50 കോടി നേടിക്കഴിഞ്ഞതായിട്ടാണ്‌ വിവരം. സിനിമ ബമ്പര്‍ ഹിറ്റാകുമെന്നും ആദ്യദിനം തന്നെ 60 കോടിയെങ്കിലും നേടുമെന്നുമൊക്കെ ആയിരുന്നു വിലയിരുത്തലെങ്കിലും രണ്ടു ദിനം കൊണ്ട്‌ തന്നെ സിനിമ 112 കോടി നേടിയതായി വിദേശ മാധ്യമങ്ങള്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. സിനിമ ഇതിലൂടെ തെലുങ്കിലെ മാത്രമല്ല ബോളിവുഡ്‌ ചിത്രങ്ങളായ പികെ, ക്രിഷ്‌, ചെന്നൈ എക്‌സ്പ്രസ്‌ എന്നിവയെ എല്ലാം പിന്നിലാക്കിയിരിക്കുകയാണ്‌.

റിലീസ്‌ ദിവസം ഒരു സിനിമയ്‌ക്ക് ഇതുവരെ ലഭിച്ചിട്ടുള്ള ഗ്രോസ്‌ കളക്ഷന്‍ 60 നും 70 കോടിക്കും ഇടയിലാണ്‌. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സിനിമകളായ ഹാപ്പി ന്യൂ ഈയറിന്റെയും ധൂം 3 യുടേയും റെക്കോഡും ബാഹുബലി മലര്‍ത്തിയടിച്ചു. ആദ്യ ദിനം ബാഹുബലി അടിച്ചുമാറ്റിയത്‌ 66 കോടിയായിരുന്നു. ഇന്ത്യയില്‍ നിന്നും 50 കോടി നേടിയചിത്രം വിദേശവിപണിയില്‍ നിന്നും സമ്പാദിച്ചത്‌ 16 കോടിയാണ്‌. ഹാപ്പി ന്യൂ ഇയറിന്‌ 42 കോടിയും ധൂമിന്‌ 32 കോടിയുമാണ്‌ കിട്ടിയിട്ടുള്ളത്‌. ചിത്രത്തിന്റെ ഹിന്ദി പതിപ്പ്‌ മാത്രം നേടിയത്‌ 5.15 കോടി രൂപയായിരുന്നു.

© 2024 Live Kerala News. All Rights Reserved.