ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്ക് പകരം മോദി;പ്രതിഷേധിച്ച് ജീവനക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്റെ (കെ.വി.ഐ.സി) ഈ വര്‍ഷത്തെ കലണ്ടറിലും ഡയറിയിലും മഹാത്മാ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയുടെ ചിത്രം. മഹാത്മാ ഗാന്ധി നൂല്‍നൂക്കുന്ന അതേ മാതൃകയില്‍ വലിയ ചര്‍ക്കയില്‍ മോദി ഇരുന്ന് നൂല്‍നൂക്കുന്നതാണ് കലണ്ടറിലെ ചിത്രം. ഗാന്ധിജി അദ്ദേഹത്തിന്റെ സ്ഥിരം വേഷത്തിലിരുന്ന് നൂല്‍ നൂക്കുന്ന ചിത്രം ഇന്ത്യയിലെ ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞ ചിത്രമാണ്. മോദി തന്റെ ഇഷ്ട വേഷമായ കുര്‍ത്ത പൈജാമ ധരിച്ച് നൂല്‍നൂക്കുന്ന ചിത്രമാണുള്ളത്. ഗാന്ധിജിയുടെ ചിത്രം മാറ്റി മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസിലെ തൊഴിലാളികള്‍ രംഗത്തെത്തി.ഉച്ച ഭക്ഷണത്തിനുള്ള ഇടവേളയില്‍ കറുത്ത തുണികൊണ്ട് വായമൂടിക്കെട്ടി തൊഴിലാളികള്‍ ഈ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി. ഗാന്ധിജിയുടെ ആശയങ്ങള്‍ പുറന്തള്ളുന്നതില്‍ ഏറെ ദു:ഖമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞു.എന്നാല്‍, കെ.വി.ഐ.സി ചെയര്‍മാന്‍ വിനയ്കുമാര്‍ സെക്‌സീന നടപടിയെ ന്യായീകരിച്ചു. മുമ്പും ഇത്തരത്തില്‍ കലണ്ടറില്‍നിന്ന് ഗാന്ധിയെ മാറ്റിയിട്ടുണ്ടെന്നും കലണ്ടറിലില്ലെങ്കിലും ഗാന്ധി തന്നെയാണ് സ്ഥാപനത്തിന്റെ ആത്മാവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ ഖാദി ഉല്‍പന്നങ്ങളുടെ ഏറ്റവും വലിയ അംബാസഡര്‍ എന്ന നിലയിലാണ് മോദി ചിത്രം ഉപയോഗിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.