പ്രതിഷേധം ഫലം കണ്ടു;സര്‍വീസ് ചാര്‍ജ് എടുക്കാനുള്ള തീരുമാനം ബാങ്കുകള്‍ മരവിപ്പിച്ചു;പെട്രോള്‍ പമ്പുകളില്‍ കാര്‍ഡുകള്‍ സ്വീകരിക്കും

ന്യൂഡല്‍ഹി: ഇന്ന് മുതല്‍ പെട്രോള്‍ പമ്പുകളില്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന ഒരു വിഭാഗം പെട്രോള്‍ പമ്പുടമകളുടെ തീരുമാനം പിന്‍വലിച്ചു. സര്‍വീസ് ചാര്‍ജ് എടുക്കാനുള്ള തീരുമാനം ബാങ്കുകള്‍ മരവിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം പമ്പുടമകള്‍ കൈക്കൊണ്ടത്.ഇന്നു മുതല്‍ പതിവു പോലെ കാര്‍ഡുപയോഗിച്ചുള്ള ഇടപാടുകള്‍ നടക്കും. ജനുവരി 13 വരെ കാര്‍ഡ് സ്വീകരിക്കാമെന്നാണ് പമ്പുടമകള്‍ തീരുമാനിച്ചിരിക്കുന്നത്. കാര്‍ഡുകള്‍ ഉപയോഗിച്ച് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറയ്ക്കുന്നതിന് ഒരു ശതമാനം ഫീസ് ഡീലര്‍മാരില്‍നിന്ന് ഈടാക്കാനായിരുന്നു ബാങ്കുകളുടെ തീരുമാനം. ഇതാണ് കഴിഞ്ഞ രാത്രി വൈകി പിന്‍വലിച്ചത്. ഉപയോക്താക്കളില്‍നിന്ന് ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കുന്നുമില്ല. ബാങ്കുകളുടെ നീക്കം ഉപയോക്താക്കളെ ലക്ഷ്യംവച്ചല്ല. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുമ്പോള്‍ അധികമായി ഫീസ് നല്‍കേണ്ടതുമില്ല. എന്നാല്‍, ട്രാന്‍സാക്ഷന്‍ ഫീസ് തങ്ങളില്‍നിന്ന് ഈടാക്കുന്നതാണു പമ്പുടമകളെ ചൊടിപ്പിച്ചത്. ട്രാന്‍സാക്ഷന്‍ ഫീസ് ഈടാക്കുന്നതു സംബന്ധിച്ച് ഐ.സി.ഐ.സി.ഐ, എച്ച്.ഡി.എഫ്.സി, ആക്‌സിസ് ബാങ്കുകള്‍ തങ്ങളുടെ സൈ്വപ്പിങ് മെഷീനുകള്‍ ഉപയോഗിക്കുന്ന പെട്രോള്‍ പമ്പ് ഡീലര്‍മാര്‍ക്ക് ശനിയാഴ്ച രാത്രിയാണ് നോട്ടീസ് നല്‍കിയത്. രാജ്യത്ത് ആകെ 56,190 പെട്രോള്‍ പമ്പുകളാണുള്ളത്. ഇതില്‍ 53,842 എണ്ണം പൊതുമേഖലാ എണ്ണക്കമ്പനികളുടേതാണ്. ഇതില്‍ 52,000 പെട്രോള്‍ പമ്പുകളില്‍ ഉപയോഗിക്കുന്ന സൈ്വപ്പിങ് മെഷീനുകളില്‍ 60 ശതമാനവും ഐ.സി.ഐ.എസി.ഐ, എച്ച്.ഡി.എഫ്.സി. ബാങ്കുകളുടേതാണ്. ഫീസ് ഈടാക്കുന്നതു സംബന്ധിച്ച് നോട്ടീസ് ലഭിച്ചതോടെയാണ് പെട്രോള്‍ പമ്പുടമകളുടെ സംഘടനകള്‍ യോഗം ചേര്‍ന്ന് തിങ്കളാഴ്ച മുതല്‍ കാര്‍ഡുകള്‍ സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചത്.

© 2024 Live Kerala News. All Rights Reserved.