സാധാരണക്കാര്‍ മക്കളുടെ വിവാഹം നടത്താന്‍ പെടാപ്പാട് പെടുന്നു;നേതാക്കള്‍ മക്കളുടെ വിവാഹം ആഡംബരമാക്കുന്നു; അടൂര്‍ പ്രകാശിനെ വേദിയിലിരുത്തി വി.ഡി. സതീശന്റെ രൂക്ഷവിമര്‍ശനം

പത്തനംതിട്ട: നോട്ട് നിരോധനത്തില്‍ രാജ്യത്തെ ജനങ്ങള്‍ വലയുമ്പോള്‍ മകന്റെ വിവാഹം ആഡംബരപൂര്‍വം നടത്തിയ മുന്‍മന്ത്രി അടൂര്‍ പ്രകാശിനെ വേദിയിലിരുത്തി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍. നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്നലെ പത്തനംതിട്ട ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ ധര്‍ണയിലാണ് വി.ഡി സതീശന്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്.രാജ്യം സാമ്പത്തിക ബുദ്ധിമുട്ടില്‍ ഉഴലുമ്പോള്‍ കോടികള്‍ ചെലവഴിച്ച് മക്കളുടെ ആഢംബര വിവാഹം നടത്തുന്ന ജനാര്‍ദന റെഡ്ഡിമാര്‍ സാധാരണക്കാരന്റെ നെഞ്ചില്‍ കനല്‍ കോരിയിടുകയാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.സാധാരണക്കാര്‍ തങ്ങളുടെ മക്കളുടെ വിവാഹം നടത്താന്‍ പെടാപ്പാട് പെടുകയാണ്. നൂറും ഇരുന്നുറൂം കൂട്ടിവെച്ചാണ് അവന്‍ വിവാഹം നടത്തുന്നത്. അപ്പോഴാണ് രാഷ്ട്രീയ നേതാക്കള്‍ സ്വന്തം മക്കളുടെ വിവാഹം ആഡംബരമാക്കുന്നത്. ഇത് ശരിയാണോ ഇങ്ങനെയാണോ ഒരു രാഷ്ട്രീയ നേതാവ് പ്രവര്‍ത്തിക്കേണ്ടത്‌വി.ഡി സതീശന്‍ ചോദിച്ചു. ആഢംബര വിവാഹത്തിന് തകില്‍ വായിക്കാന്‍ പോയ തന്റെ നാട്ടില്‍ നിന്നുള്ളവര്‍ക്ക് കിട്ടിയത് പുതുപുത്തന്‍ 2000 രൂപ നോട്ട് മാത്രമായിരുന്നു. ഇത് എവിടെ നിന്നു വന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് ഇത്രയേറെ പുതിയ നോട്ടുകള്‍ കിട്ടുന്നത്. ഇതിനെല്ലാം മറുപടി വേണം. ഇതെല്ലാം അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.ഡിസംബര്‍ ആദ്യമായിരുന്നു മദ്യവ്യവസായി ബിജു രമേശിന്റെ മകളും അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുളള ആഡംബര വിവാഹം തിരുവനന്തപുരത്ത് അരങ്ങേറിയത്.ബോളിവുഡ് സിനിമകളെ വെല്ലുന്ന തരത്തില്‍ സെറ്റിട്ടും കോടികള്‍ പൊടിപൊടിച്ചുമായിരുന്നു വിവാഹ സത്കാരം. ഇതേറെ വിവാദമാകുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.