ബാംഗ്ലൂര്‍ മാനഭംഗം;സര്‍ക്കാരിനെ അപമാനിക്കാനുള്ള ഗുഢാലോചന;യുവതിക്ക് നേര്‍ക്കുണ്ടായ അതിക്രമം ദൗര്‍ഭാഗ്യകരം;കന്നടക്കാര്‍ ഇത്തരത്തില്‍ പെരുമാറില്ലെന്നും ആഭ്യന്തരമന്ത്രി

ബാംഗ്ലൂര്‍: പുതുവര്‍ഷ രാവില്‍ ബാംഗ്ലൂര്‍ നഗരത്തില്‍ സ്ത്രീകള്‍ക്കു നേരെയുണ്ടായ വ്യാപകമായ പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബാംഗ്ലൂരിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരമേശ്വര ഇക്കാര്യം പറഞ്ഞത്.കമ്മനഹള്ളിയില്‍ യുവതിക്കു നേര്‍ക്കുണ്ടായ അതിക്രമം ദൗര്‍ഭാഗ്യകരമാണ്. കന്നടക്കാര്‍ ഇത്തരത്തില്‍ പെരുമാറില്ലെന്നും മന്ത്രി പറഞ്ഞു. കമ്മനഹള്ളിയില്‍ പുതുവര്‍ഷാഘോഷം കഴിഞ്ഞ് മടങ്ങിയ യുവതിയെ സ്‌കൂട്ടറില്‍ എത്തിയ രണ്ട് യുവാക്കള്‍ അപമാനിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.അതേസമയം നടുറോഡില്‍വെച്ച് യുവതി ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തില്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ സിസി ടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിച്ചിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു. ബാംഗ്ലൂര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത നഗരമാണ്. അക്രമികളെ പിടികൂടാന്‍ നഗരത്തിലൂടെനീളം സിസിടിവി കാമറകള്‍ സ്ഥാപിക്കും. 550 സിസിടിവി കാമറകള്‍ കൂടി നഗരത്തില്‍ സ്ഥാപിക്കും. 5000 കാമറകള്‍ സ്ഥാപിക്കാനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. ബാംഗ്ലൂരില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്ക് കാരണം പാശ്ചാത്യരീതിയിലുള്ള വസ്ത്രധാരണമാണെന്ന ഇദ്ദേഹത്തിന്റെ പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.