ഡിഎംകെയിലും തലമുറ മാറ്റം; എം.കെ. സ്റ്റാലിന്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു;തീരുമാനം കരുണാനിധിയുടെ ആരോഗ്യനില കണക്കിലെടുത്ത്

ചെന്നൈ: അണ്ണാഡിഎംകെയില്‍ ശശികല അധികാരമേറ്റെടുത്തതിന് പിന്നാലെ ഡിഎംകെയിലും തലമുറ മാറ്റം.ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. 92 വയസുകാരനായ മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ തലവനുമായ കരുണാനിധിയുടെ അനാരോഗ്യത്തെ തുടര്‍ന്നാണ് പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് സ്റ്റാലിനെ നേതാവായി തെരഞ്ഞെടുത്തത്. നിലവില്‍ പാര്‍ട്ടി ട്രഷററാണു സ്റ്റാലിന്‍. രണ്ടു ജനറല്‍ സെക്രട്ടറിമാരെ അധികം നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. നിലവില്‍ നാല് ജനറല്‍ സെക്രട്ടറിമാരാണുള്ളത്. പുതിയതായി നിയമിക്കുന്നവരില്‍ ഒരു വനിതയും ഒരു ദലിത് വിഭാഗം പ്രതിനിധിയും ഉണ്ടായിരിക്കുമെന്നും ധാരണയായി. ഡിഎംകെ ആസ്ഥാനത്ത് നടന്ന ജനറല്‍ കൗണ്‍സിലില്‍ 3000 പ്രതിനിധികളാണ് പങ്കെടുത്തത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ അന്‍മ്പഴകന്‍ അധ്യക്ഷത വഹിച്ച ചടങ്ങിലാണ് പ്രഖ്യാപനം ഉണ്ടായത്. അനാരോഗ്യത്തെ തുടര്‍ന്ന് കരുണാനിധി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തില്ല. ഡോക്ടര്‍മാര്‍ വിശ്രമത്തിന് നിര്‍ദേശിച്ചത് കൊണ്ടാണ് കരുണാനിധി യോഗത്തില്‍ പങ്കെടുക്കാതിരുന്നത്.നേരത്തെ അധ്യക്ഷ സ്ഥാനത്തേക്കായിരുന്നു സ്റ്റാലിന്റെ പേരു പരിഗണിച്ചിരുന്നത്. എന്നാല്‍ കരുണാനിധി ജീവിച്ചിരിക്കെ അധ്യക്ഷ സ്ഥാനത്തു മറ്റൊരാള്‍ എത്തുന്നതു വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കുമെന്നു തിരിച്ചറിഞ്ഞാണു സ്റ്റാലിനെ വര്‍ക്കിങ് പ്രസിഡന്റാക്കാന്‍ ധാരണയായത്.

© 2024 Live Kerala News. All Rights Reserved.