ശങ്കര്‍ റെഡ്ഡിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്;ഉമ്മന്‍ചാണ്ടി, ചെന്നിത്തല അടക്കമുളളവരുടെ പങ്കും അന്വേഷണ പരിധിയില്‍; ജനുവരി 15 നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പിക്കണം

തിരുവനന്തപുരം: എന്‍. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിക്കുകയും ഡി.ജി.പിയായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തതിനെതിരെ പ്രാഥമിക അന്വേഷണ നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.ശങ്കര്‍ റെഡ്ഡിക്ക് സ്ഥാനക്കയറ്റവും പുതിയ നിയമാനവും ലഭിച്ചത് ചട്ട വിരുദ്ധമാണെന്ന് കാണിച്ചാണ് നവാസ് എന്നയാള്‍ സ്വകാര്യ ഹരജി നല്‍കിയത്.മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജിജി തോംസണ്‍ എന്നിവരുടെ പങ്കും അന്വേഷിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 15നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി.എഡിജിപിയായിരുന്ന ശങ്കര്‍ റെഡ്ഡിക്ക് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി വിജിലന്‍സ് ഡയറക്ടറായി നിയമിച്ചതില്‍ ക്രമക്കേടുള്ളതായി വിജിലന്‍സ് കോടതി നേരത്തെ പ്രാഥമിക നിരീക്ഷണം നടത്തിയിരുന്നു. നിയമനത്തില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ സംബന്ധിച്ച കോടതി വിധികളുടെ ലംഘനമുള്ളതായും കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. നാല് എഡിജിപിമാരെ ഡിജിപിയാക്കുന്നതിന് അന്നത്തെ സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചെങ്കിലും നിരസിച്ചിരുന്നു.ഇതു മറച്ചുവെച്ചാണ് ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെ നാലുപേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനത്തിനു മുമ്പ് ആഭ്യന്തര സെക്രട്ടറി ഈ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന് ഫയലില്‍ രേഖപ്പെടുത്തിയെങ്കിലും അവഗണിക്കപ്പെട്ടു. നാല് ഡിജിപിമാരുണ്ടായിരുന്നപ്പോള്‍ പുതുതായി നിയമിച്ച ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ദുരൂഹമാണെന്നാണ് കോടതിയുടെ നിരീക്ഷണം.

© 2024 Live Kerala News. All Rights Reserved.