നോട്ട് നിരോധനത്തില്‍ ഒരിടത്തും പ്രശ്‌നങ്ങളുണ്ടായിട്ടില്ല; ഉണ്ടായത് നേട്ടങ്ങള്‍ മാത്രം; നികുതി വരുമാനം വര്‍ദ്ധിച്ചെന്നും അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം രാജ്യത്ത് പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മികച്ച നേട്ടങ്ങളാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.സര്‍ക്കാര്‍ തീരുമാനത്തോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിച്ചു. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ ഭൂരിഭാഗവും വിതരണം ചെയ്തു. കൂടുതല്‍ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുമെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.നോട്ടുനിരോധന തീരുമാന ശേഷം നികുതി വരുമാനം വര്‍ധനയുണ്ടായെന്ന് ജെയ്റ്റ്‌ലി പറയുന്നു. പ്രത്യക്ഷ നികുതിയില്‍ 13.6 ശതമാനവും പരോക്ഷ നികുതിയില്‍ 26.2 ശതമാനം വര്‍ധനയുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതിയില്‍ 14.4 ശതമാനമാണ് വര്‍ധന. വായ്പ നല്‍കാനുള്ള ബാങ്കുകളുടെ ശേഷി വര്‍ധിപ്പിച്ചു. ഇന്ധന വില്‍പ്പനയും വ്യോമയാന ഗതാഗതവും വര്‍ധിച്ചു. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തെവിടേയും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച ജനത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു.റിസര്‍വ് ബാങ്കില്‍ വേണ്ടത്ര കറന്‍സിയുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.നോട്ട് നിരോധനത്തിനു ശേഷം അമ്പത് ദിവസം തികയുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

© 2024 Live Kerala News. All Rights Reserved.