15 സാമ്പത്തിക വിദഗ്ദ്ധരുമായി മോഡിയുടെ ചര്‍ച്ച ഇന്ന്; രാജ്യത്തെ നിലവിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യും

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങളും പുതിയ ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു പ്രമുഖ സാമ്പത്തിക വിദഗ്ധരുമായി ചര്‍ച്ച നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള 15 സാമ്പത്തിക വിദഗ്ദ്ധരെയാണ് ക്ഷണിച്ചിട്ടുള്ളത്. നോട്ട് അസാധുവാക്കലിന് പിന്നാലെ സാധാരണനില കൈവരിക്കാന്‍ പ്രധാനമന്ത്രി മുന്‍കൂറായി പറഞ്ഞ 50 ദിവസത്തെ കാലാവധി ഇന്ന് പൂര്‍ത്തിയാകുകയാണ്.നീതി ആയോഗ് സിഇഒ അമിതാഭ്കാന്ത്, അംഗങ്ങള്‍ ബിബേക് ദെബ്രോയ്, വി കെ സാരസ്വത്, രമേശ് ചന്ദ് എന്നിവരും കേന്ദ്ര ധനമന്ത്രാലയ വാണിജ്യമന്ത്രാലയ സെക്രട്ടറിമാരും കാനഡ ഒട്ടാവ കാള്‍സണ്‍ സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ വിവേക് ദഹേജിയ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്റ് പബഌക് ഫിനാന്‍സ് ആന്റ് പോളിസി ഡയറക്ടര്‍ രതിന്റോയ്, ക്രെഡിറ്റ് സ്യുയിസ് മാനേജിംഗ് ഡയറക്ടര്‍ നീലകണ്ഠ മിശ്രൗ ഓക്‌സസ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ചെയര്‍മാന്‍ സുര്‍ജിത് ഭല്ല എന്നിവരും പങ്കെടുക്കും.

നവംബര്‍ 8 നായിരുന്നു 500, 1000 നോട്ടുകള്‍ അസാധുവാക്കിയുള്ള പ്രഖ്യാപനം സര്‍ക്കാര്‍ നടത്തിയത്. അതിന് ശേഷം രാജ്യത്തെ സമ്പദ് വ്യവസ്ഥ കാര്യമായ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യമെങ്ങും നോട്ടിന്റെ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെയും തൊഴില്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും കടുത്ത ദുരിതം നേരിടുകയാണ്. മതിയായ നോട്ട് വിപണിയില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സാധാരണക്കാര്‍ നെട്ടോട്ടമോടുകയാണ്. അതിനിടയിലാണ് സര്‍ക്കാര്‍ സാഹചര്യം വിലയിരുത്താന്‍ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്.ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്ന 15 പേരോടും അവരവരുടെ വിലയിരുത്തലുകളും നിര്‍ദേശങ്ങളും പവര്‍ പോയിന്റ് പ്രസന്റേഷന്‍ വഴി അവതരിപ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ 2016 ബജറ്റിന് പിന്നാലെ 15 വര്‍ഷത്തേക്കുള്ള വികസന സമീപനരേഖ തയ്യാറാക്കാന്‍ പ്രധാനമന്ത്രി നീതി ആയോഗിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഇന്ന് ചര്‍ച്ച ചെയ്യും. വരുന്ന വര്‍ഷം ബജറ്റ് അവതരണം ഫെബ്രുവരി 1 നാണ് നേരത്തേ കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നതും.

© 2024 Live Kerala News. All Rights Reserved.