സാനിയ-ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സ് കിരീടം..

ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ വിഭാഗം ഡബിള്‍സ് കിരീടം സാനിയ മിര്‍സ – മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. മൂന്നുസെറ്റു നീണ്ട പോരാട്ടത്തിനൊടുവില്‍ റഷ്യന്‍ ജോഡികളായ എകതറിന മകറോവ-എലേന വെസ്നേവ കൂട്ടുകെട്ടിനെയാണ് സാനിയയും ഹിംഗിസും തോല്‍പ്പിച്ചത്. സ്കോര്‍- 5-7, 7-6, 7-5. സാനിയ മിര്‍സയുടെ ആദ്യ ഡബിള്‍സ് ഗ്രാന്‍സ്ലാം കിരീടമാണിത്. നേരത്തെ മിക്സഡ് ഡബിള്‍സില്‍ സാനിയ മൂന്നു തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുണ്ട്.

ആദ്യ സെറ്റ് നഷ്ടമായെങ്കിലും ഗംഭീര തിരിച്ചുവരവാണ് സാനിയ-ഹിംഗിസ് സഖ്യം നടത്തിയത്. മൂന്നു സെറ്റുകളിലും ഗംഭീര പ്രകടനമാണ് ഇരു ടീമുകള്‍ക്കും പുറത്തെടുക്കേണ്ടിവന്നത്. രണ്ടാം സെറ്റില്‍ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ടൈബ്രേക്കറില്‍ സമചിത്തതയോടെ സാനിയയും ഹിംഗിലും മല്‍സരം മൂന്നാം സെറ്റിലേക്കു നീട്ടി. മൂന്നാം സെറ്റില്‍ ഒരവസരത്തില്‍ 5-5 എന്ന നിലയിലാരിന്ന മല്‍സരത്തില്‍ രണ്ടു ഗെയിമുകള്‍ തുടരെ നേടിയാണ് സാനിയയും ഹിംഗിസും കിരീടം ഉറപ്പിച്ചത്.

ഫ്രഞ്ച് ഓപ്പണിലും, ഓസ്ട്രേലിയന്‍ ഓപ്പണിലും യു എസ് ഓപ്പണിലും മിക്സഡ് ഡബിള്‍സ് കിരീടം നേടിയിട്ടുള്ള സാനിയ ഇതാദ്യമായാണ് വിംബിള്‍ഡണില്‍ ഒരു കിരീടം സ്വന്തമാക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

സാനിയയ്‌ക്കു അഭിനന്ദനപ്രവാഹവുമായി പ്രമുഖര്‍ രംഗത്തെത്തി. സാനിയയും ഹിംഗിസും മികച്ച പ്രകടനമാണ് നടത്തിയതെന്നും അര്‍ഹിച്ച കിരീടവിജമാണിതെന്നും ഷാരൂഖ്ഖാന്‍ ട്വിറ്ററില്‍ കുറിച്ചു

© 2024 Live Kerala News. All Rights Reserved.