സാനിയ മിർസയെ ഖേൽ രത്നയ്ക്ക് ശുപാർശ ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് താരം സാനിയാ മിർസയെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്നയ്ക്ക് കേന്ദ്ര കായിക മന്ത്രാലയം ശുപാർശ ചെയ്തു. കായിക സെക്രട്ടറി അജിത് ശരണാണ് ഇക്കാര്യം അറിയിച്ചത്. പുരസ്കാര കമ്മിറ്റിയാണ് ഇനി ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. സാനിയയെ അവാർഡിന് ശുപാർശ ചെയ്തുകൊണ്ട് ആൾ ഇന്ത്യാ ടെന്നീസ് അസോസിയേഷനിൽ നിന്നും വൈകിയാണ് ശുപാർശ എത്തിയതെങ്കിലും കായിക മന്ത്രി ശുപാർശ സ്വീകരിക്കുകയും അത് അവാർഡ് കമ്മിറ്റിയ്ക്ക് ശുപാർശ ചെയ്യുകയുമായിരുന്നുവെന്ന് അജിത് ശരൺ വ്യക്തമാക്കി. സാനിയയും സ്വിസ് കൂട്ടുകാരി മാർട്ടിന ഹിംഗിസും ചേർന്ന് ജൂലായിൽ വിംബിൾഡൺ വനിതാ ഡബിൾസ് കിരീടം സ്വന്തമാക്കിയിരുന്നു. വിംബിൾഡണിനു മുൻപു തന്നെ സഖ്യം ലോക ഒന്നാം റാങ്കിലേക്കും എത്തിയിരുന്നു. വിംബിൾഡൺ കുടാതെ മൂന്ന് ഗ്രാൻഡ് സ്ളാം മിക്സഡ് ഡബിൾസ് കിരീടങ്ങളും സാനിയ നേടിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.