വീട്ടില്‍ നിന്നും കള്ളപ്പണവും സ്വര്‍ണവും പിടിച്ചെടുത്തു; തമിഴ്‌നാട് ചീഫ് സെക്രട്ടറിയെ മാറ്റി; പകരം ചുമതല ഗിരിജ വൈദ്യനാഥന്

ചെന്നൈ: ആദായ നികുതി വകുപ്പിന്റെ റെയ്ഡില്‍ ലക്ഷണക്കിന് രൂപയുടെ കള്ളപ്പണവും സ്വര്‍ണവും പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി പി.രാമമോഹന റാവുവിനെ തത്സഥാനത്തുനിന്ന് സര്‍ക്കാര്‍ മാറ്റി. ഗിരിജ വൈദ്യനാഥനെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു.1981 ബാച്ചിലെ തമിഴ്‌നാട് കേഡര്‍ ഐ.എ.എസ് ഓഫീസര്‍ ആണ് ഡോ.ഗിരിജ വൈദ്യനാഥന്‍. ആരോഗ്യ, പരിസ്ഥിതി വകുപ്പുകള്‍ അടക്കം നിരവധി പദവികള്‍ വഹിച്ചിട്ടുള്ള ഗിരിജ ചെന്നൈ ഐഐടിയില്‍ നിന്ന് ഹെല്‍ത്ത് എക്കണോമിക്‌സില്‍ ഡോക്ടറേറ്റും നേടിയിട്ടുണ്ട്.ഇന്നലെയാണ് രമമോഹന റാവുവിന്റെ വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫീസിലും ബന്ധുവീടുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. 24 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തിരുന്നു. ആന്ധ്രയിലെ വ്യവസായികളായ റെഡ്ഢി സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ നടത്തിയ റെയ്ഡിലാണ് കള്ളപ്പണ ഇടപാടില്‍ രമ മോഹന റാവുവിന്റെ പങ്ക് പുറത്തുവന്നത്.എ.ഐ.എ.ഡി.എം.കെയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന രമാമോഹന റാവുവിന്റെ വീട്ടിലെ റെയ്ഡ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. റാവുവിനെ പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.