വധശിക്ഷ ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു…

ദില്ലി: ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് വധശിക്ഷ ഒഴിവാക്കണമെന്ന് ദേശീയ നിയമകമ്മീഷന്‍ വിളിച്ച യോഗത്തില്‍ ഭൂരിപക്ഷാഭിപ്രായം. എം പിമാരായ ശശി തരൂര്‍, കനിമൊഴി എന്നിവര്‍ വധശിക്ഷയെ ശക്തമായി എതിര്‍ത്തപ്പോള്‍ ബിജെപി എം പി വരുണ്‍ ഗാന്ധി വധശിക്ഷയെ അനുകൂലിച്ചു. രാജ്യത്ത് വധശിക്ഷ കാത്തു കഴിയുന്നവരില്‍ നാലില്‍ മൂന്നു പേരും ദളിത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ടവരാണെന്ന് ദേശീയ നിയമസര്‍വകലാശാല നടത്തിയ പഠനത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ജസ്റ്റിസ് എ പി ഷാ അദ്ധ്യക്ഷനായ നിയമകമ്മീഷന്‍ കഴിഞ്ഞ മെയിലാണ് വധശിക്ഷ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായി ദില്ലിയില്‍ നടന്ന നിയമകമ്മീഷന്റെ പ്രത്യേകയോഗത്തില്‍ നിയമവിദഗ്ധരും സാമൂഹ്യപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളും പങ്കെടുത്തു. ചെയ്ത തെറ്റു തിരുത്താനും ജീവിതത്തിലേക്ക് തിരിച്ചു വരാനും കുറ്റവാളികള്‍ക്ക് അവസരം നല്‍കണമെന്ന് ശശി തരൂരും കനിമൊഴിയും ഉള്‍പ്പടെ യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ ശുചിത്വഭാരതമുള്‍പ്പടെയുളള ആശയങ്ങള്‍ കടമെടുക്കുന്ന കേന്ദ്രസര്‍ക്കാര്‍ വധശിക്ഷയുടെ കാര്യം വരുമ്പോള്‍ അഹിംസയുടെ തത്വങ്ങള്‍ മറക്കുകയാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. വധശിക്ഷയോട് വ്യക്തിപരമായി യോജിയ്ക്കാനാകില്ലെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഔദ്യോഗികനിലപാടെടുത്തിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ഭീകരാക്രമണം പോലുളള കുറ്റകൃത്യങ്ങള്‍ നടത്തുന്ന പ്രതികള്‍ക്ക് പശ്ചാത്താപം ഉണ്ടാകാന്‍ സാധ്യതയില്ലെന്നായിരുന്നു ബിജെപി എംപി വരുണ്‍ ഗാന്ധിയുടെ അഭിപ്രായം. തീവ്രവാദക്കേസുകളിലെയും അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളിലെയും പ്രതികള്‍ക്ക് വധശിക്ഷ നല്‍കുന്നതില്‍ തെറ്റ് പറയാനാകില്ലെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. യോഗത്തിന്റെ ഭാഗമായി ദേശീയ നിയമസര്‍വകലാശാല നടത്തിയ പഠനത്തില്‍ രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരില്‍ നാലില്‍ മൂന്ന് പേരും ദളിത്, ന്യൂനപക്ഷവിഭാഗങ്ങളില്‍ പെട്ടവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ഏറ്റവും കൂടുതല്‍ പേര്‍ ജയിലില്‍ കഴിയുന്നത് ഉത്തര്‍പ്രദേശിലാണ്. 79 പേര്‍. കേരളത്തില്‍ 15 പേരാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കാത്തിരിക്കുന്നത്. വിവിധ കക്ഷികളില്‍ നിന്ന് ശേഖരിച്ച അഭിപ്രായങ്ങള്‍ വിലയിരുത്തിയാകും നിയമകമ്മീഷന്റെ അന്തിമറിപ്പോര്‍ട്ട്.

© 2024 Live Kerala News. All Rights Reserved.