ബര്‍ലിന്‍ മാര്‍ക്കറ്റില്‍ ആക്രമണം; പ്രതിയുടെ ചിത്രം പുറത്തുവിട്ടു; ടുണീഷ്യന്‍ പൗരനായി തെരച്ചില്‍ ഊര്‍ജിതമാക്കി

ബര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തിയതെന്ന് കരുതുന്ന ആളുടെ ചിത്രം ബര്‍ലിന്‍ പൊലീസ് പുറത്തുവിട്ടു. ടുണിഷ്യന്‍ പൗരനായ 23കാരന്‍ അനിസ് അമരി എന്ന ആളുടെ ചിത്രമാണ് പുറത്തുവിട്ടത്. പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി.കുറ്റവാളിയെ കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് ഒരു ലക്ഷം യൂറോ പാരിതോഷികം അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അക്രമി ആയുധധാരിയാണെന്ന മുന്നറിയിപ്പും പൊതുജനങ്ങള്‍ക്കായി പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനിസ് അമരിയയെ രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ചിരുന്നു. എന്നാല്‍, സംശയകരമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ പിന്നീട് ഇയാളെ വിട്ടയച്ചിരുന്നു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ബര്‍ലിനിലെ ക്രിസ്മസ് മാര്‍ക്കറ്റിലേക്ക് അക്രമി ട്രക്ക് ഇടിച്ചു കയറ്റിയത്. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ട്രക്ക് തട്ടിയെടുത്ത അക്രമി ക്രിസ്മസ് മാര്‍ക്കറ്റില്‍ ആക്രമണം നടത്തുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.