5000 രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് നിയന്ത്രണമില്ല; ഡിസംബര്‍ 19ന് പുറത്തിറക്കിയ വിവാദ ഉത്തരവാണ് ആര്‍ബിഐ പിന്‍വലിച്ചത്; കെവൈസി മാനദണ്ഡങ്ങള്‍ അനുസരിക്കുന്ന നിക്ഷേപകരെ ചോദ്യം ചെയ്യില്ല

ന്യൂഡല്‍ഹി: 5000 രൂപയ്ക്ക് മുകളിലുള്ള അസാധുവായ നോട്ടുകളുടെ നിക്ഷേപത്തിനുള്ള നിയന്ത്രണം റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ഡിസംബര്‍ 19ന് പുറത്തിറക്കിയ വിവാദ ഉത്തരവാണ് ആര്‍ബിഐ പിന്‍വലിച്ചത്.കെവൈസി ഉള്ള അക്കൗണ്ടുകളില്‍ എത്ര രൂപ നിക്ഷേപിക്കുന്നതിനും വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കെവൈസി ഇല്ലാത്തവയിലെ നിക്ഷേപത്തിന് വിശദീകരണം നല്‍കേണ്ടിവരും.ഡിസംബര്‍ 30 വരെ 5000 രൂപയില്‍ കൂടുതല്‍ പഴയ നോട്ടുകള്‍ ഇനി ഒറ്റത്തവണ മാത്രമേ ബാങ്കില്‍ നിക്ഷേപിക്കാന്‍ സാധിക്കൂ എന്നായിരുന്നു ഉത്തരവ്. അയ്യായിരം രൂപയിലധികമുള്ള പഴയ നോട്ടുകള്‍ നിക്ഷേപിക്കാനെത്തുന്നവര്‍ ഇതു വരെ പണം നിക്ഷേപിക്കാതിരുന്നതിനുള്ള കാരണം ബാങ്ക് ഉദ്യോഗസ്ഥരോടു വ്യക്തമാക്കണമെന്നും നിക്ഷേപം സംബന്ധിച്ചു രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ നിക്ഷേപകരെ ചോദ്യം ചെയ്യുമെന്നുമെല്ലാം പുതിയ വ്യവസ്ഥയിലുണ്ടായിരുന്നു. ഇതു സംബന്ധിച്ചുള്ള നിക്ഷേപകരുടെ വിശദീകരണം റിക്കാര്‍ഡ് ചെയ്യുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ നല്‍കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ മാത്രമേ ബാങ്കില്‍ പണം സ്വീകരിക്കൂ എന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.വിശദീകരണത്തില്‍ സംശയം തോന്നിയാല്‍ തുടര്‍ന്നു വിശദമായ പരിശോധനകള്‍ക്കു വിധേയമാക്കാമെന്നും ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളാണ് വ്യാപക എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചത്.

© 2024 Live Kerala News. All Rights Reserved.