കള്ളപ്പണം വെളുപ്പിച്ചതിന് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു; വെളുപ്പിച്ചത് 1.5 കോടി രൂപ

ബംഗളൂരു: നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കിയ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു.ആര്‍.ബി.ഐയുടെ സീനിയര്‍ സ്‌പെഷ്യല്‍ അസിസ്റ്റന്റായ കെ.മൈക്കല്‍ ആണ് അറസ്റ്റിലായത്. 1.5 കോടി രൂപയുടെ പഴയ നോട്ടുകള്‍ ഇയാള്‍ അനധികൃതമായി മാറ്റിനല്‍തിയെന്നാണ് വിവരം.കള്ളപ്പണം വെളുപ്പിച്ച റാക്കറ്റിലെ മുഖ്യകണ്ണിയായ മൈക്കല്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ കുടുങ്ങുകയായിരുന്നു.ബാംഗ്ലൂര്‍ നഗരത്തില്‍ കള്ളപ്പണം വെളുപ്പിക്കുന്ന എട്ടംഗ റാക്കറ്റിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടികൂടിയിരുന്നു. 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകളാണ് അവരില്‍ നിന്ന് പിടിച്ചെടുത്തത്. റാക്കറ്റുമായി ബന്ധപ്പെട്ട് എട്ടുപേരെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിരുന്നു. 5.7 കോടിയുടെ പുതിയ നോട്ടുകളുമായി അറസ്റ്റ് ചെയ്യപ്പെട്ട സര്‍ക്കാര്‍ എഞ്ചിനിയര്‍ എസ്.സി ജയചന്ദ്രയുടെ ബന്ധുവാണ് അറസ്റ്റിലായവരില്‍ ഒരാള്‍. ഇതെ തുടര്‍ന്ന് പുതിയ നോട്ടുകളുടെ ഉറവിടം സംബന്ധിച്ച് സി.ബി.ഐ നടത്തിയ അന്വേഷണത്തിലാണ് ആര്‍.ബി.ഐ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.ആവശ്യക്കാരെന്ന വ്യാജേന ചെന്നാണ് കള്ളപ്പണം വെളുപ്പിക്കുന്നവരെ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 15 മുതല്‍ 35 ശതമാനം വരെ കമ്മീഷന്‍ കൈപ്പറ്റിയാണ് ഇടനിലക്കാരായ ഇവര്‍ കള്ളപ്പണം വെളുപ്പിച്ച് നല്‍കിയിരുന്നത്. ബംഗളൂരുവില്‍ അറസ്റ്റിലായവരിലൂടെ കള്ളപ്പണ റാക്കറ്റുകളും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധം പുറത്തുവന്നു കൊണ്ടിരിക്കയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ അറിയിച്ചിരുന്നു. റിസര്‍വ് ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ അറസ്‌റ്റോടെ ഇത് കൂടുതല്‍ വ്യക്തമായി.

© 2024 Live Kerala News. All Rights Reserved.