ജര്‍മനിയില്‍ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചുകയറി 12 മരണം; 48 പേര്‍ക്ക് പരിക്ക്;ഐഎസ് ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡോണള്‍ഡ് ട്രംപ്

ബെര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ ക്രിസ്തുമസ് മാര്‍ക്കറ്റില്‍ ട്രക്ക് ഇടിച്ചുകയറി 12 പേര്‍ മരിച്ചു. 48 പേര്‍ക്ക് പരിക്കേറ്റു. മുന്‍കൂട്ടി തയാറാക്കിയ പദ്ധതിപ്രകാരമുള്ള ആക്രമണമാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് വന്‍ പൊലീസ് സന്നാഹം വിന്യസിച്ചിട്ടുണ്ട്. ഭീകരവാദി ആക്രമണമാണോ എന്ന് പൊലീസ് അന്വേഷിച്ച് വരുന്നു.പടിഞ്ഞാറന്‍ ബര്‍ലിനിലെ കൈസര്‍ വില്‍ഹെം സ്മാരകത്തിന് സമീപത്തുള്ള മാര്‍ക്കറ്റിലാണ് അപകടം ഉണ്ടായത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ സ്മരണയ്ക്കായി പണിതീര്‍ത്ത സ്മാരകമാണിത്. തിരക്കുള്ള മാര്‍ക്കറ്റില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. തിരക്കുള്ള സമയമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ട്.സംഭവസ്ഥലത്തുനിന്നും ഏതാനും മൈലുകള്‍ക്ക് അകലെ വച്ച് ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.ഐഎസ് ഭീകരരാണ് ബര്‍ലിനിലെ ആക്രമണത്തിന് പിന്നിലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുറ്റപ്പെടുത്തി. ജനങ്ങളോട് വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്ന് പൊലീസ് ട്വിറ്ററിലൂടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.