പുത്തന്‍വേലിക്കര കൊലപാതകം; റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി; ജീവിതാവസാനംവരെ തടവ്; പരോളിന് അര്‍ഹനല്ലെന്നും കോടതി

കൊച്ചി: പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. പകരം, ജയാനന്ദനെ ്ജീവിതാവസാനംവരെ തടവു ശിക്ഷ വിധിച്ചു. പരോള്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ക്ക് പ്രതി അര്‍ഹനല്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഉറങ്ങിക്കിടന്ന ദേവകി എന്ന ബേബി (51) യെ 2006 ഒക്‌ടോബര്‍ രണ്ടിനു രാത്രി ഒരുമണിക്ക് തലയ്ക്കടിച്ചു കൊലപ്പെടുത്തുകയും ആറു സ്വര്‍ണവള മോഷ്ടിക്കാന്‍ ഇടതുകൈ മുറിച്ചെടുക്കുകയും ഭര്‍ത്താവ് രാമകൃഷ്ണനെ ആക്രമിക്കുകയും ചെയ്‌തെന്നാണു പുത്തന്‍വേലിക്കര പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസ്.അത്യപൂര്‍വമായ കേസായതിനാല്‍ ജയാനന്ദന് വധശിക്ഷ നല്‍കണമെന്നായിരുന്നു വാദം. ഇയാള്‍ പുറത്തിറങ്ങിയാല്‍ കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിച്ചിരുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുമ്പോള്‍ പലരേയും തലയ്ക്കടിച്ച് പരുക്കേല്‍പ്പിക്കുന്നതായി തെളിഞ്ഞതിനാലാണ് ഇയാളെ റിപ്പര്‍ ജയന്‍ എന്നു വിളിച്ചിരുന്നത്.തൃശൂര്‍ പൊയ്യ പള്ളിപ്പുറംകര സ്വദേശി ജയാനന്ദന്റെ പേരില്‍ കൊലക്കുറ്റത്തിനു പുറമേ വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട 23 കേസുകളുണ്ട്. മാളയില്‍ ഫൗസിയ, നബീസ എന്നിവരെ കൊലപ്പെടുത്തിയ കേസ്, നോര്‍ത്ത് പറവൂരില്‍ സുഭാഷകനെ കൊലപ്പെടുത്തിയ കേസ്, മതിലകത്ത് സഹദേവന്‍ നിര്‍മല എന്നിവരെ കൊലപ്പെടുത്തിയ കേസ്, പല തവണ ജയില്‍ ചാടിയതിന്റെ കേസുകള്‍ എന്നിവ ഇക്കൂട്ടത്തിലുണ്ട്.

© 2024 Live Kerala News. All Rights Reserved.