കറന്‍സി പിന്‍വലിച്ച നടപടി വെനസ്വേല താത്കാലികമായി റദ്ദുചെയ്തു; നടപടി ജനകീയ പ്രക്ഷോഭത്തെത്തുടര്‍ന്ന്

കാരക്കാസ്: രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കറന്‍സിയായ 100 ബൊളിവര്‍ പിന്‍വലിച്ച നടപടി വെനസ്വേല താത്കാലികമായി റദ്ദ് ചെയ്തു. പണ ദൗര്‍ലഭ്യത്തെ തുടര്‍ന്ന് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ് നോട്ട് അസാധുവാക്കല്‍ നടപടി പ്രസിഡന്റ് നിക്കോളാസ് മഡുറോ നീട്ടിവച്ചത്. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്ത് വലിയ തോതില്‍ അക്രമങ്ങള്‍ നടന്നു. പലകടകളും കൊള്ളയടിക്കപ്പെട്ടു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.വരുന്ന ജനുവരിവരേയ്ക്കാണ് നടപടി നീട്ടിവച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് മഡുറോ നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനം നടത്തിയത്. മാഫിയാസംഘങ്ങള്‍ നൂറിന്റെ ബൊളിവര്‍ കറന്‍സികള്‍ വന്‍തോതില്‍ കടത്തിക്കൊണ്ടു പോയി കൊളംബിയയിലെ നഗരങ്ങളില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന സാഹചര്യത്തിലാണു കറന്‍സി നിരോധനമെന്നു മഡുറോ പറഞ്ഞിരുന്നു. ലോകത്ത് ഏറ്റവും അധികം പണപ്പെരുപ്പമുള്ള രാജ്യം കൂടിയാണ് വെനസ്വേല. സാമ്പത്തികപ്രതിസന്ധിമൂലം കഷ്ടതയനുഭവിക്കുന്ന രാജ്യത്ത് 100 ബൊളിവര്‍ കറന്‍സിയുടെ മൂല്യം മൂന്നു സെന്റാണ്. ഇന്ത്യന്‍ രൂപയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 190 പൈസയും. അത്യാവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ക്കൂടി കെട്ടുകണക്കിനു നോട്ടുകള്‍ വേണമെന്നുള്ള അവസ്ഥയാണു രാജ്യത്തു നിലനില്‍ക്കുന്നത്.വെനസ്വേലയില്‍ ഈ വര്‍ഷം അവസാനത്തോടെ പണപ്പെരുപ്പം 475 ശതമാനമായി ഉയരുമെന്നാണ് ഐഎംഎഫ് നല്‍കുന്ന സൂചനകള്‍. ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കറന്‍സി പിന്‍വലിക്കല്‍ അല്ലാതെ മറ്റു വഴികളില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.