ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി;എല്ലാ സംസ്ഥാനങ്ങളും ഉത്തരവ് കര്‍ശനമായി പാലിക്കണം; ഏപ്രില്‍ ഒന്നിനകം താഴിടണം

ന്യൂഡല്‍ഹി: ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മാദ്യശാലകളും ഏപ്രില്‍ ഒന്നുമുതല്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളും ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ഉത്തരവിട്ടു. ദേശീയസംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയിലുള്ള എല്ലാ ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും പൂട്ടാനാണ് ഉത്തരവ്.2017 ഏപ്രില്‍ ഒന്നുമുതല്‍ ഉത്തരവ് നടപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. നിലവില്‍ ലൈസന്‍സ് ഉള്ള മദ്യശാലകള്‍ക്ക് 2017 മാര്‍ച്ച്31 വരെ പ്രവര്‍ത്തിക്കാം. പാതയോരങ്ങളിലെ മദ്യശാലകളുടെ പരസ്യങ്ങളും മാറ്റണം.അതിന് ശേഷം ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
ദേശീയപാതയോരത്തെ മദ്യശാലകള്‍ പ്രവര്‍ത്തിക്കുന്നത് വഴി മദ്യപിച്ച് വാഹനമോടിക്കുന്നതും, അശ്രദ്ധമായ ഡ്രൈവിംഗും കൂടുന്നതായും അത് അപകടങ്ങള്‍ക്കിടയാക്കുന്നതായും ചൂണ്ടിക്കാട്ടി ഒരു സന്നദ്ധ സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അറൈവ് സേഫ് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

© 2024 Live Kerala News. All Rights Reserved.