സര്‍ക്കാരില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കണം; ബന്ധുക്കള്‍ക്ക് ശശികലയുടെ മുന്നറിയിപ്പ്

ചെന്നൈ:പാര്‍ട്ടിയില്‍നിന്നും സര്‍ക്കാരില്‍നിന്നും അകന്നുനില്‍ക്കാന്‍  അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ തോഴി ശശികല തന്റെ കുടുബാംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സഹോദരങ്ങള്‍, അന്തരവന്മാര്‍ തുടങ്ങിയ അടുത്ത ബന്ധുക്കള്‍ക്കാണ് ശശികലയുടെ നിര്‍ദേശമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. ബുധനാഴ്ച ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനില്‍ നടന്ന യോഗത്തിലാണ് കുടുംബാംഗങ്ങളോട് മാറിപ്പോകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും തന്റെ കുടുംബാംഗങ്ങളുടെ താളത്തിനൊത്ത് തുള്ളരുത് എന്ന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് വീട്ടുകാര്‍ക്കും താക്കീത് നല്‍കിയത്. കുടുംബാംഗങ്ങളെയെല്ലാം വീട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അതേസമയം ശശികല ഈ വീട്ടില്‍ തന്നെ കഴിയുമെന്നാണ് കരുതുന്നത്. ഇവര്‍ക്കൊപ്പം നാത്തൂര്‍ ഇളവരശി ഇവിടെയുണ്ടാകുമെന്നും കേള്‍ക്കുന്നു. കഴിഞ്ഞ ദിവസം ജയലളിതയുടെ സംസ്‌ക്കാര ചടങ്ങില്‍ രാജാജി ഹാളില്‍ ഇവരുടെയെല്ലാം സാന്നിദ്ധ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. വിശ്വാസ വഞ്ചന കാട്ടിയതിനും ഗൂഡാലോചന നടത്തിയതിനും 2011 ല്‍ ശശികലയെ ഉള്‍പ്പെടെ എല്ലാവരേയും ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട്് ശശികല മാത്രം തിരിച്ചുവരികയും വീട്ടില്‍ കഴിയുകയും ചെയ്‌തെങ്കിലും അവരുടെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും ജയലളിത അകറ്റി തന്നെ നിര്‍ത്തി.എന്നാല്‍ വ്യാഴാഴ്ച നടന്ന യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ ശശികലയോട് പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചിലര്‍ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പദവി ഇല്ലാതെ പാര്‍ട്ടിയെ സേവിക്കാനാണ് താല്‍പ്പര്യമെന്നായിരുന്നു ശശികലയുടെ വാദം. താഴെയ്ക്കിടയിലെ അണികളുടെ സ്വീകാര്യത സംശയിച്ചാകാം അവര്‍ ഇങ്ങിനെ പറഞ്ഞതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. ജയലളിതയുടെ സംസ്‌ക്കാര ചടങ്ങില്‍ ശശികലയുടെ ബന്ധുക്കളെ പങ്കെടുപ്പിച്ച് കാണിച്ച മണ്ടത്തരം വീണ്ടും ആവര്‍ത്തിക്കേണ്ട എന്ന് കരുതിയാണ് ബന്ധുക്കളെ ഇറക്കിവിട്ടതെന്ന ആലോചനയിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍.

© 2024 Live Kerala News. All Rights Reserved.