ആന്‍ഡമാനില്‍ കനത്ത മഴ;800 വിനോദസഞ്ചാരികള്‍ കുടുങ്ങികിടക്കുന്നു;നാവിക സേന രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

പോര്‍ട്ട് ബ്ലെയര്‍: കനത്ത മഴയെത്തുടര്‍ന്ന് ആന്‍ഡമാനില്‍ 800 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. ആന്‍ഡമാനിലെ ഹേവ്‌ലോക് ദ്വീപിലാണ് സഞ്ചാരികള്‍ കുടുങ്ങിയിരിക്കുന്നത്. നാവികസേനയുടെ നേതൃത്വത്തില്‍ ഇവരെ പോര്‍ട്ട്‌ബ്ലെയറിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം നടക്കുകയാണ്. ജില്ലാ ഭരണകൂടം വിവരമറിയിച്ചതിനെ തുടര്‍ന്ന് നാവികസേനയുടെ ഐഎന്‍എസ് ബിത്ര, ഐഎന്‍എസ് ബംഗാരം, ഐഎന്‍എസ് കുംഭിര്‍, എല്‍സിയു 38 കപ്പലുകള്‍ ഹേവ്‌ലോക്കിലേക്ക് തിരിച്ചു.കനത്ത മഴയെ തുടര്‍ന്ന് കടലില്‍ ശക്തമായ തിരമാലകള്‍ അടിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിട്ടുണ്ട്.അടുത്ത രണ്ടു ദിവസങ്ങള്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാനിടയുള്ള ന്യൂനമര്‍ദത്തിന്റെ ഫലമായി ചുഴലിക്കാറ്റ് ഉണ്ടാകുന്നതിനുള്ള സാധ്യതയും കാലാവസ്ഥ വിഭാഗം തള്ളിക്കളയുന്നില്ല. വിശാഖപട്ടണം. ഗോപാല്‍പുര്‍, കാര്‍ നിക്കോബാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കരുതുന്നത്.ആന്‍ഡമാനിലെ റിച്ചി ആര്‍ക്കിപെലാഗോ ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഹേവ്‌ലോക്ക് ബീച്ചുകള്‍ക്കു പേരുകേട്ടതാണ്.

© 2024 Live Kerala News. All Rights Reserved.