പെട്രോള്‍ പമ്പുകളിലും വിമാന ടിക്കറ്റിനും പഴയ 500 രൂപ നോട്ട് ഇന്നു കൂടി ഉപയോഗിക്കാം; ടോള്‍ പിരിവ് പുനരാരംഭിക്കുന്നു

ന്യൂഡല്‍ഹി: അസാധുവായ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയ പരിധി ഇന്നവസാനിക്കും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പമ്പുകളില്‍നിന്നു പെട്രോളും ഡീസലും വാതകവും വിമാനത്താവളങ്ങളില്‍നിന്നു വിമാന ടിക്കറ്റും വാങ്ങാന്‍ പഴയ 500 രൂപ നോട്ട് ഇന്ന് അര്‍ധരാത്രി വരെയേ സ്വീകരിക്കുകയുള്ളൂ.പഴയ നോട്ട് അവശ്യസേവനങ്ങള്‍ക്കെല്ലാം ഈ മാസം 15 വരെ ഉപയോഗിക്കാമെന്നായിരുന്നു നേരത്തേ അറിയിച്ചത്. അതിലാണു മാറ്റം വരുത്തിയത്. എന്നാല്‍, പാചകവാതകം വാങ്ങുന്നതിനു പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നതിനു വിലക്കില്ല.. റെയില്‍വേ സ്റ്റേഷനുകളില്‍ 500 രൂപ 15 വരെ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.ദേശീയ പാതകളില്‍ ടോള്‍ ഈടാക്കുന്നത് ഇന്ന് അര്‍ധരാത്രിക്കുശേഷം പുനരാരംഭിക്കാനും നിര്‍ദേശമുണ്ട്. കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഫാസ്ടാഗുകള്‍ വാങ്ങുന്നതിനും 200 രൂപയില്‍ കൂടുതലായുള്ള ടോള്‍ നല്‍കാനും അസാധുവായ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാം. മറ്റു സാഹചര്യങ്ങളില്‍ പഴയ നോട്ട് സ്വീകരിക്കില്ല. എല്ലാ ടോള്‍ പ്ലാസകളിലും സ്വൈപിങ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.