രാജ്യത്ത് 1000,500 രൂപ നോട്ടുകള്‍ അസാധുവാക്കി;ഇന്ന് ബാങ്ക് ഇടപാടില്ല;എടിഎം പ്രവര്‍ത്തിക്കില്ല;പ്രധാനമന്ത്രിയുടെ ഈ നടപടി അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തടയാന്‍;500,2000 പുതിയ നോട്ടുകള്‍ നാളെ പുറത്തിറക്കും

ന്യൂഡല്‍ഹി: രാജ്യത്ത്് 1000,500 രൂപയുടെ നോട്ടുകള്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ അസാധുവാക്കി.അഴിമതിയും കള്ളപ്പണവും കള്ളനോട്ടും തടയാനുള്ള ‘മഹായജ്ഞ’ത്തിന്റെ ഭാഗമായ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ടെലിവിഷനിലൂടെ നടത്തിയ അഭിസംബോധനയിലാണു പ്രഖ്യാപിച്ചത്. 500,2000 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് നാളെ പുറത്തിറക്കും. ഇപ്പോഴുള്ള 100, 50, 20,10, 5, 2, 1 രൂപ നോട്ടുകളും നാണയങ്ങളും പ്രാബല്യത്തില്‍ തുടരും. വന്‍തോതില്‍ പ്രചരിക്കുന്ന കള്ളപ്പണം ഭീകരവാദത്തിനും അഴിമതിയ്ക്കും ഇടയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കള്ളപ്പണം ഇല്ലാതാക്കുന്നതില്‍ ജനങ്ങളുടെ സഹകരണം പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷമാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. അഴിമതിയും കള്ളപ്പണവുമാണ്
രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് മോദി പറഞ്ഞു. ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും 500, 1000 രൂപ നോട്ടുകള്‍ മാറി പ്രാബല്യത്തിലുള്ള നോട്ടുകള്‍ വാങ്ങാന്‍ നാളെ മുതല്‍ സൗകര്യം. ഈ മാസം 30 വരെയാണ് ഈ സൗകര്യം. 24വരെ പരമാവധി 4,000 രൂപ മാറിയെടുക്കാം. തുടര്‍ന്ന് തുകയുടെ തോത് വര്‍ധിപ്പിക്കും. ആധാര്‍ കാര്‍ഡ്, വോട്ടര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, പാസ്‌പോര്‍ട്ട്, മറ്റ് അംഗീകൃത തിരിച്ചറിയില്‍ കാര്‍ഡുകള്‍ എന്നിവയിലേതെങ്കിലും ഹാജരാക്കണം.അസാധുവായ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളിലും പോസ്റ്റ് ഓഫിസുകളിലും നാളെ മുതല്‍ ഡിസംബര്‍ 30വരെ (50 ദിവസം) നിക്ഷേപിക്കാം. നിക്ഷേപിക്കുന്ന പണം ആവശ്യാനുസരണം പിന്‍വലിക്കാം. ആദ്യ ഏതാനും ദിവസങ്ങളില്‍ ദിവസം 10,000 രൂപവരെയും ആഴ്ചയില്‍ പരമാവധി 20,000 രൂപവരെയും പിന്‍വലിക്കാം. പിന്‍വലിക്കാവുന്ന തുകയുടെ തോത് ക്രമേണ വര്‍ധിപ്പിക്കും. കൈവശമുള്ള 500, 1000 രൂപ നോട്ടുകള്‍ ഡിസംബര്‍ 30വരെ ബാങ്കിലോ പോസ്റ്റ് ഓഫിസിലോ നിക്ഷേപിക്കാന്‍ സാധിക്കാത്തവര്‍ക്ക് അടുത്ത മാര്‍ച്ച് 31വരെ റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദിഷ്ട ഓഫിസുകളില്‍ നിക്ഷേപിക്കാന്‍ സൗകര്യമുണ്ടാവും. പണം നിക്ഷേപിക്കുന്നതു സംബന്ധിച്ച ഡിക്ലറേഷന്‍ നല്‍കണം. നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ആധാര്‍, വോട്ടര്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖ ഹാജരാക്കണം.രാജ്യാന്തര വിമാനത്താവളങ്ങളില്‍നിന്നു വിദേശത്തേക്കു പോകുന്നവര്‍ക്കും വിദേശത്തുനിന്നു വരുന്നവര്‍ക്കും പരമാവധി 5000 രൂപയുടെവരെ നോട്ടുകള്‍ മാറിയെടുക്കാനും മറ്റന്നാള്‍ അര്‍ധരാത്രിവരെ സൗകര്യം. ചെക്ക്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവയുടെ ഉപയോഗത്തിനും ഡിമാന്‍ഡ് ഡ്രാഫ്റ്റ്, ഇലക്‌ട്രോണിക് സംവിധാനത്തിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ എന്നിവയ്ക്കും നിയന്ത്രണമില്ല.

© 2024 Live Kerala News. All Rights Reserved.