മോദി ഓരോ ദിവസവും ഓരോ പ്രസ്താവന ഇറക്കുന്നു, അതുകൊണ്ട് എന്തു കാര്യം? നോട്ട് അസാധുവാക്കല്‍ ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത് സാധാരണക്കാരെ; സമ്പന്നരെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും മാമുക്കോയ

കോഴിക്കോട്: 500,1000 നോട്ടുകള്‍ മോദി സര്‍ക്കാര്‍ അസാധുവാക്കിയതില്‍ നിലപാട് വ്യക്തമാക്കി നടന്‍ മാമൂക്കോയ. നോട്ട് നിരോധനം ഏറ്റവും കൂടുതല്‍ കുഴപ്പിച്ചത് സാധാരണക്കാരെയാണെന്നും വലിയ പണക്കാര്‍ക്കും സമ്പന്ന കുടുംബങ്ങളിലുള്ളവരേയും ഇത് ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും മാമുക്കോയ പറഞ്ഞു. തന്നെപ്പോലെയുളള സിനിമാക്കാര്‍ ഈ പ്രശ്‌നത്തെ എങ്ങനെയും പരിഹരിക്കുമെന്നാണ് തോന്നുന്നത്. പക്ഷേ സാധാരണക്കാരായ ജനങ്ങള്‍ എന്തുചെയ്യും. അവരെയാണല്ലോ വളരെ കുഴപ്പിച്ചത്. എന്നിട്ട് മോദി ഓരോ ദിവസവും ഓരോ പ്രസ്താവന ഇറക്കിയിട്ട് എന്തു കാര്യം. ഇത് ജനങ്ങളെ ശരിക്കും ബാധിച്ചു. വലിയ പണക്കാര്‍ക്കും സമ്പന്ന കുടുംബങ്ങളിലും ഒരു പ്രശ്‌നവുമില്ല. നോട്ടില്ലാത്ത അവസ്ഥയിലും ജനങ്ങള്‍ സഹകരിക്കണം എന്നാണ് മോദി പറയുന്നത്. ഇത്തരത്തിലൊക്കെ പറഞ്ഞാല്‍ ജനങ്ങള്‍ക്ക് എന്തുചെയ്യാനാകും. നോട്ട് അസാധുവാക്കിയത് കള്ളപ്പണം തടയാനാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് ഏറ്റവും ഗുണം ചെയ്തത് പൂഴ്ത്തിവെയ്പ്പുകാര്‍ക്ക് ആണ്. അവര്‍ക്ക് സുഖമായി എന്നു പറഞ്ഞാല്‍ മതി. ആയിരം രൂപയുടെ കെട്ടുകള്‍ മാറ്റിവെയ്ക്കുന്ന സ്ഥാനത്ത് ഇനി രണ്ടായിരം രൂപാ നോട്ടുകള്‍ മാറ്റിവയ്ക്കാം. അതിന് കുറച്ച് സ്ഥലം മതിയല്ലോയെന്നും അദ്ദേഹം പറഞ്ഞു. 500,1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചിട്ട് 2000 രൂപ നോട്ട് പുറത്തിറക്കിയിട്ട് എന്തുനേടാനാണ്. അത് ജനുവരിയിലോ വരുന്ന വര്‍ഷം എപ്പോഴെങ്കിലുമോ ഇറക്കിയാല്‍ മതിയായിരുന്നല്ലോയെന്നും മാ്മുക്കോയ ചോദിക്കുന്നു.

© 2024 Live Kerala News. All Rights Reserved.