കുര്‍ത്ത മോദിക്ക്, പൈജാമ നിതീഷിന്; സ്വന്തം മണ്ഡലത്തില്‍ റോഡ് നിര്‍മാണം വൈകുന്നതില്‍ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം

പട്‌ന:സ്വന്തം മണ്ഡലത്തിലേക്ക് റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ബിഹാറില്‍ ബിജെപി എംഎല്‍എയുടെ വേറിട്ട പ്രതിഷേധം. നിക്കറും ബനിയനും ധരിച്ച് നിയമസഭയിലെത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. പശ്ചിമ ചമ്പാരന്‍ ജില്ലയിലെ ലോറിയ മണ്ഡലത്തില്‍ നിന്നുള്ള വിനയ് ബിഹാരി എം എല്‍എ ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി സഭയിലെത്തിയത്.നിയമസഭയിലേക്കു ബനിയനും നിക്കറും ധരിച്ചെത്തിയ വിനയ് ബിഹാറിയെ അനുചിതമായ വസ്ത്രധാരണത്തിന്റെ പേരില്‍ സഭയില്‍ പ്രവേശിപ്പിച്ചില്ല. തന്റെ കുര്‍ത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരിനും പൈജാമ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ സംസ്ഥാന സര്‍ക്കാരിനും നല്‍കിയതായി എംഎല്‍എ പറഞ്ഞു. മണ്ഡലത്തില്‍ റോഡ് നിര്‍മിക്കാനായി മുട്ടാത്ത വാതിലുകളില്ലെന്നും വര്‍ഷങ്ങളായിട്ടും ഒന്നും സംഭവിച്ചില്ലെന്നുമാണു പരാതി. മണ്ഡലത്തിലെ അടിസ്ഥാനസൗകര്യമില്ലായ്മ ശ്രദ്ധയില്‍ കൊണ്ടുവരാനാണു താന്‍ കുര്‍ത്തയും പൈജാമയും ഉപേക്ഷിച്ചു പ്രതിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.