ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഖാലിസ്താന്‍ ഭീകരന്‍ ഹര്‍മിന്ദര്‍സിങ് മിന്റൂ പിടിയില്‍;പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്; ജയില്‍ ചാടിയത് ഇന്നലെ

അമൃത്സര്‍: പഞ്ചാബിലെ നാഭാ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട ഖാലിസ്താന്‍ ലിബറേഷന്‍ തലവന്‍ ഹര്‍മിന്ദര്‍ സിങ് മിന്റൂ അറസ്റ്റിലായി. ഡല്‍ഹിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ നാഭാ ജയില്‍ ആക്രമിച്ച സായുധ സംഘം മിന്റു ഉള്‍പ്പെടെ അഞ്ച് പേരെ മോചിപ്പിച്ചിരുന്നു.എന്നാല്‍ മിന്റു മാത്രമാണ് ഇന്ന് പിടിയിലായത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ നേപ്പാളിലേക്ക് കടന്നുവെന്നാണ് പൊലീസ് നിഗമനം. ഖാലിസ്ഥാന്‍ ലിബറേഷന്‍ നേതാവാണ് ഹര്‍മിന്ദര്‍ സിങ് മിന്റൂ.നിരവധി ഭീകരവാദ കേസുകളില്‍ പ്രതിയായ മിന്റൂവിനെ 2014 ല്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നാണ് പഞ്ചാബ് പൊലീസ് പിടികൂടിയത്. പത്തോളം ഭീകരവാദ കേസുകളില്‍ പ്രതിയാണ് ഇയാള്‍.പോലീസ് യൂണിഫോമിലെത്തിയ സംഘം നിറയൊഴിച്ചുകൊണ്ട് അരക്ഷിതാവസ്ഥ സൃഷ്ടിച്ച ശേഷമാണ് ജയിലില്‍ നിന്ന് ഇയാളെ മോചിപ്പിച്ചത്. പോലീസിന് നേരെ ഇവര്‍ 100 റൗണ്ട് വെടിയുതിര്‍ക്കുകയും ചെയ്തിരുന്നു. ഗുര്‍പ്രീത് സിങ്, വിക്കി ഗോന്ദ്ര, നിതിന്‍ ദിയോള്‍, വിക്രംജീത് സിങ് വിക്കി എന്നിവരാണ് മിന്റൂവിനൊപ്പം രക്ഷപ്പെട്ടിരുന്ന മറ്റുള്ളവര്‍.

© 2024 Live Kerala News. All Rights Reserved.