14 സെക്കന്റ് നോട്ടം മാത്രമല്ല;പെണ്‍കുട്ടികള്‍ക്ക് തുടര്‍ച്ചയായി ‘ഹലോ’ എന്ന് മസ്സേജ് അയച്ചാലും ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് ഋഷിരാജ് സിങ്

ആലപ്പുഴ: 14 സെക്കന്റ് നോട്ടം മാത്രമല്ല,സ്ത്രീകളുടെ ഫോണിലേക്ക് ‘ഹലോ’ എന്ന് ആവര്‍ത്തിച്ച് മസ്സേജ് അയച്ചു ശല്യപ്പെടുത്തിയാലും കേസെടുക്കാന്‍ വകുപ്പുണ്ടെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. സ്ത്രീത്വത്തെ വാക്കിലോ നോട്ടത്തിലോ പ്രവൃത്തിയിലോ അപമാനിച്ചാല്‍ പരാതി നല്‍കാം. എന്നാല്‍ സംസ്ഥാനത്ത് ഈ നിയമപ്രകാരം എട്ടുപേര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം പരാതിപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ചു മാസങ്ങള്‍ക്കു മുന്‍പു ഞാന്‍ പറഞ്ഞപ്പോള്‍ എന്തൊക്കെയായിരുന്നു ബഹളം നിങ്ങള്‍ ആദ്യം നിങ്ങളെ രക്ഷിക്കണം. അതിനു കരാട്ടെ പോലെ കായികമുറകള്‍ പരിശീലിക്കണം. പരാതിപ്പെടാന്‍ തയാറാകുമ്പോള്‍ ഇത്തരം ശല്യങ്ങള്‍ കുറയുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. സ്ത്രീകള്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമങ്ങളെ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വിദ്യാര്‍ഥികളുമായി മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു സ്ത്രീയെ നോക്കുകയാണെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നാണ ഋഷിരാജ് സിങ്ങിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഒരാള്‍ 14 സെക്കന്‍ഡിലധികം ഒരു സ്ത്രീയെ നോക്കുകയാണെങ്കില്‍ കേസെടുക്കാന്‍ നിയമമുണ്ടെന്നും ഇന്നേവരെ അത്തരത്തില്‍ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്യാത്തത് സ്ത്രീകള്‍ പരാതി നല്‍കാന്‍ മടിച്ചുനില്‍ക്കുന്നത് കൊണ്ടാണെന്നുമായിരുന്നു ഋഷിരാജ് സിങ്ങിന്റെ വാക്കുകള്‍.

© 2024 Live Kerala News. All Rights Reserved.