കോട്ടയം:ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയാവുന്നു.തൃശ്ശൂര്‍ കുന്നത്തങ്ങാടി സ്വദേശി സന്തോഷാണ് വരന്‍. മാര്‍ച്ച് 29ന് രാവിലെ 9നും 11.30നും ഇടയ്ക്ക് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ് വിവാഹം. കൈരളി പീപ്പിള്‍ ചാനലിന്റെ ഫീനിക്‌സ് അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ് വിജയലക്ഷ്മി വിവാഹക്കാര്യം ആരാധകരുമായി പങ്കുവച്ചത്. വിവാഹത്തിന് എല്ലാവരേയും ക്ഷണിക്കുന്നതായും അവര്‍ പറഞ്ഞു. പീപ്പിള്‍ ടിവിയുടെ വനിതാ വിഭാഗത്തില്‍ പ്രഥമ പുരസ്‌കാര ജേതാവാണ് പിന്നണി ഗായികയായ വൈക്കം വിജയലക്ഷ്മി. നടന്‍ മമ്മൂട്ടിയാണ് പുരസ്‌കാരദാനം നടത്തിയത്. പുരസ്‌കാരം വാങ്ങിയ ശേഷം ഗാനാലാപനത്തിനായി വേദിയിലെത്തിയപ്പോഴാണ് വിവാഹത്തെ സംബന്ധിച്ച് വിജയലക്ഷ്മി വെളിപ്പെടുത്തിയത്. മലയാളസിനിമയുടെ പിതാവായി കണക്കാക്കുന്ന ജെ.സി.ഡാനിയേലിന്റെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ എം.ജയചന്ദ്രന്റെ സംഗീതസംവിധാനത്തില്‍ ”കാറ്റേ കാറ്റേ നീ പൂക്കാമരത്തിലെ…” എന്നു തുടങ്ങുന്ന ഗാനം ആലപിച്ചാണ് വിജയലക്ഷ്മി ചലച്ചിത്ര ഗാനലോകത്തേക്ക് വന്നത്. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ആദരം നേടി.തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന ‘പൂങ്കുയിലേ’ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായി.