‘കേരളത്തിന്റെ മാതൃക ഗുജറാത്താവരുത്’;നിലമ്പൂര്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം; ഒരാള്‍ മാവോയിസ്റ്റാവുക എന്നത് അയാളെ ഒറ്റയടിക്ക് കൊന്നുകളയേണ്ട ഒരു കുറ്റമല്ലെന്ന് വിടി ബല്‍റാം

നിലമ്പൂരില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്നതിനെതിരെ ഫേസ്ബുക്കിലൂടെ വിടി ബല്‍റാം എംഎല്‍എ പ്രതികരണവുമായെത്തി.വ്യാജ ഏറ്റുമുട്ടല്‍കൊലകളുടെ നാടായി കേരളം മാറുന്നത് അങ്ങേയറ്റം ആശങ്കാജനകമാണെന്ന് വിടി ബല്‍റാം. കേരളത്തിന്റെ മാതൃക ഗുജറാത്താകരുതെന്നും മാവോയിസ്റ്റ് കൊലപാതകത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്തം ഏറ്റെടുത്തേ മതിയാവുവെന്നും ബല്‍റാം തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കി.ഒരാള്‍ മാവോയിസ്റ്റാവുക എന്നത് അയാളെ ഒറ്റയടിക്ക് കൊന്നുകളയേണ്ട ഒരു കുറ്റമല്ല. അവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ കുറ്റകരമായ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്തിമമായി പറയേണ്ടതും അതനുസരിച്ചുള്ള ശിക്ഷ വിധിക്കേണ്ടതും കോടതികളാണ്. മറിച്ച് ബോധ്യപ്പെടാത്തിടത്തോളം ഇത് ഭരണകൂടത്തിന്റെ നേതൃത്ത്വത്തിലുള്ള കൊലപാതകമായിത്തന്നെ കാണേണ്ടിവരുമെന്നും ബല്‍റാം പറഞ്ഞു.

വി.ടി ബല്‍റാമിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

എന്‍കൗണ്ടര്‍ കില്ലിംഗുകളുടെ, അത് വ്യാജമായാലും അല്ലെങ്കിലും, നാടായി കേരളം മാറുന്നത് അങ്ങേയറ്റം ആശങ്കാജനകമാണ്. ഒറ്റയടിക്ക് കൊന്നുകളയേണ്ട ഒരു കുറ്റമല്ല ഒരാള്‍ മാവോയിസ്റ്റാവുക എന്നത്. അവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമോ മറ്റേതെങ്കിലും നിയമപ്രകാരമോ കുറ്റകരമായ ഏതെങ്കിലും പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്തിമമായി പറയേണ്ടതും അതനുസരിച്ചുള്ള ശിക്ഷ വിധിക്കേണ്ടതും കോടതികളാണ്. മറിച്ച് ബോധ്യപ്പെടാത്തിടത്തോളം ഇത് ഭരണകൂടത്തിന്റെ നേതൃത്ത്വത്തിലുള്ള കൊലപാതകമായിത്തന്നെ കാണേണ്ടിവരും. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടന്നിട്ടുണ്ടെന്നത് ഇന്നത്തെ ഭരണക്കാര്‍ക്ക് ഭരണകൂട ഭീകരത അഴിച്ചുവിടാനുള്ള നീതീകരണമാവുന്നില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവാദിത്തം ഏറ്റേ മതിയാവൂ. ഗുജറാത്താവരുത് കേരളത്തിന്റെ മാതൃക.

© 2023 Live Kerala News. All Rights Reserved.