ഇസ്രയേലില്‍ കാട്ടുതീ പടരുന്നു;80,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു;നിരവധി വീടുകള്‍ കത്തിനശിച്ചു;മൂന്നു ദിവസമായിട്ടും തീ അണയ്ക്കാന്‍ സാധിച്ചില്ല

ജറുസലേം: ഇസ്രയേലിലും വെസ്റ്റ് ബാങ്കിലും കാട്ടു തീ പടരുന്നു. മൂന്ന് ദിവസങ്ങളായി തുടരുന്ന കാട്ടു തീ രാജ്യത്ത് വലിയ നാശനഷ്ടം ഉണ്ടാക്കി.നിരവധി വീടുകള്‍ കത്തിനശിച്ചു. ഏകദേശം 80,000 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. മൂന്നു ദിവസമായിട്ടും തീ അണയ്ക്കാന്‍ സാധിച്ചില്ല.ഇസ്രയേലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് റഷ്യ, തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സഹായത്തിനെത്തി. വിമാനങ്ങള്‍ ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. വരണ്ട കാലാവസ്ഥയില്‍ തീ അതിവേഗം പടരുകയാണെന്നാണ് വിവരം.അതേസമയം, രാഷ്ട്രീയ വൈരാഗ്യം മൂലം ആരെങ്കിലും മനപ്പൂര്‍വം തീയിട്ടതാണെന്നാണ് ഇസ്രയേല്‍ സംശയിക്കുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥലം സന്ദര്‍ശിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. തീയിട്ടു നശിപ്പിക്കാന്‍ ശ്രമിക്കുന്നത് ഭീകരപ്രവര്‍ത്തനത്തിന് തുല്യമാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും. രാഷ്ട്രീയ പ്രേരിതമാണെന്ന് സംശയിക്കുന്നതായും ഇസ്രയേല്‍ പോലീസ് മേധാവി റോണി അല്‍ഷെയിഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്. ഇത്തരത്തിലുള്ള ഭീകരപ്രവര്‍ത്തനത്തെ നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.