എംഎം മണിയെ പുകഴ്ത്തി വെള്ളാപ്പള്ളി;താന്‍ മണിയാശാന്റെ ആരാധകന്‍;ഉള്ളിന്റെയുള്ളില്‍ താനൊരു ഈഴവനാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നെടുങ്കണ്ടം: വൈദ്യുതി മന്ത്രി എംഎം മണിയെ പുകഴ്ത്തി എസ്എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഹൈറേഞ്ചുകാര്‍ക്കു വേണ്ടി ധീരോദാത്തമായി പോരാടിയ വ്യക്തിയാണ് മണിയാശാനെന്ന് വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ഉള്ളിന്റെ ഉള്ളില്‍ ഈഴവനാണെന്ന് അദ്ദേഹം തന്നോടു പറഞ്ഞിട്ടുണ്ടെന്നും വെള്ളാപ്പള്ളി. കരുത്തനും മിടുക്കനുമാണ് എംഎം മണിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്.എന്‍.ഡി.പി നെടുങ്കണ്ടം പച്ചടി ശ്രീധരന്‍ സ്മാരക യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമല്ല, കൂര്‍മബുദ്ധിയും ഇച്ഛാശക്തിയുമാണ് നല്ല ഭരണാധികാരിക്കു വേണ്ടത്. അതു മണിയാശാനുണ്ട്. മണിയാശാന്‍ ഇനി കേരളത്തിന്റെ പൊതുസ്വത്താണ്, വെള്ളാപ്പള്ളി പറഞ്ഞു. തന്നെ ചീത്ത പറഞ്ഞാല്‍ കുറച്ച് വോട്ട് കിട്ടുമെന്ന് കരുതി എംഎം മണി അടവുനയമെടുത്തതാണ്. പക്ഷെ അന്ന് അദ്ദേഹത്തിന് വേണ്ടി പള്ളിമണിയടിച്ചവര്‍ കൈവിട്ടു. അങ്ങനെയുണ്ടായില്ലായിരുന്നെങ്കില്‍ കുറച്ചുകൂടി ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മണി ജയിച്ചേനെ വെള്ളാപ്പള്ളി പറഞ്ഞു. എംഎം മണി സ്വന്തം ഭാഷയില്‍ ചീത്ത പറഞ്ഞപ്പോള്‍ തന്റെതായ ഭാഷയില്‍ അതിന് മറുപടി പറഞ്ഞുവെന്നേയുള്ളുവെന്നും അതല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നും വെള്ളാപ്പള്ളി സൂചിപ്പിച്ചു. താന്‍ മണിയാശാന്റെ ആരാധകനായിരുന്നുവെന്നും വെള്ളാപ്പള്ളി വെളിപ്പെടുത്തി. പിണറായി വിജയന്‍ ഒന്നും കാണാതെ എം.എം മണിയെ മന്ത്രിയാക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.