ആദ്യ ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് ‘ബാഹുബലി’..

മഹാധീര, ഈച്ച എന്നീ സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ‘ബാഹുബലി’ ലോകമെമ്പാടുമുള്ള തിയേറ്ററില്‍ റിലീസ് ചെയ്തു. നിരവധി പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചാണ് റിലീസിംങ് ദിനം കടന്നു പോയത്. ഒരേസമയം തെലുങ്കിലും തമിഴിലുമായി ചിത്രീകരിച്ച ബാഹുബലി മലയാളം, ഹിന്ദി എന്നിവ കൂടാതെ വിദേശ ഭാഷകളിലും ഡബ്ബ് ചെയ്ത് റിലീസ് ചെയ്തു.

സിനിമ സമരം മൂലം കേരളത്തില്‍ 63 തീയറ്ററുകളില്‍ മാത്രമാണ് ആദ്യദിനം ചിത്രം റിലീസ് ചെയ്തത്. ഗ്ലോബല്‍ യുണൈറ്റഡ് മീഡിയാ കമ്പനിയാണ് ബാഹുബലി കേരളത്തിലെ തിയേറ്ററിലെത്തിക്കുന്നത്. കേരളത്തില്‍ വിജയതരംഗം സൃഷ്ടിച്ച ശങ്കര്‍വിക്രം ചിത്രമായ ‘ഐ’ ഗ്ലോബല്‍ യുണൈറ്റഡ് കമ്പനിയാണ് വിതരണം ചെയ്തത്.
236 തിയേറ്ററിലാണ് ഐ അന്ന് റിലീസ് ചെയ്ത് വിപ്ലവം സൃഷ്ടിച്ചത്. അതു മറികടന്ന് കൂടുതല്‍ തിയേറ്ററുകളില്‍ വരും ദിവസങ്ങളില്‍ ചിത്രമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

അനുഷ്‌കാ ഷെട്ടി, തമന്ന എന്നിവരാണ് നായികമാരായി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാജമൗലിയുടെ ചിത്രത്തില്‍ വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിച്ച ഏക നടിയാണ് അനുഷ്‌കാ ഷെട്ടി.

ദേവസേന എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഷ്‌കാ ഷെട്ടി രണ്ടുവര്‍ഷത്തെ കാള്‍ഷീറ്റാണ് നല്‍കിയത്. ഈ ചിത്രത്തിനു വേണ്ടി കുതിരയോട്ടവും കളരിപ്പയറ്റും അഭ്യസിച്ചാണ് താരം അഭിനയിച്ചത്.
ദേവസേനയുടെ സഹോദരങ്ങളായി പ്രഭാസ്, റാണ എന്നിവര്‍ നായകന്മാരായി പ്രത്യക്ഷപ്പെടുന്നു. രണ്ടുപേരും ശരീരഘടനയില്‍ മാറ്റം വരുത്തി, ആയോധന കലകള്‍ അഭ്യസിച്ച്, വളരെ അത്ഭുതപ്പെടുത്തും വിധത്തിലാണ് ചിത്രത്തില്‍ പ്രകടനം കാഴ്ചവയ്ക്കുന്നത്.
അവന്തിക എന്ന രാജകുമാരിയുട വേഷമാണ് തമന്നയ്ക്ക്.സത്യരാജ്, നാസര്‍, സുധീപ്, രമ്യാകൃഷ്ണന്‍ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എ.ആര്‍.കെ.എ. മീഡിയാ വര്‍ക്‌സിന്റെ ബാനറില്‍ കെ. രാഘവേന്ദ്രറാവു, ശോഭു യാര്‍ല ഗാഡ, പ്രസാദ് ദേവീനേനി എന്നിവര്‍ ചേര്‍ന്നു നിര്‍ച്ച ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവ് 180 കോടി രൂപയാണ്.

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മുതല്‍മുടക്കി നിര്‍മ്മിച്ച ചിത്രമെന്ന വിശേഷണവും ബാഹുബലിക്ക് ലഭിച്ചിട്ടുണ്ട്.
കെ.കെ. സെന്തില്‍ ഛായാഗ്രഹണം നിര്‍വഹിച്ച ‘ബാഹുബലി’യുടെ സംഗീതസംവിധാനം എം.എം. കീരവാണിയാണ് നിര്‍വഹിക്കുന്നത്.

മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് മലയാളം മൊഴിമാറ്റം നിര്‍വഹിച്ചിട്ടുള്ളത്. വിജയ് യേശുദാസ്, സച്ചിന്‍ വാര്യര്‍, ശ്വേതാമോഹന്‍, വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകര്‍. രണ്ടു കാലഘട്ടത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിന്റെ കലാസംവിധായകന്‍ സാബു സിറിളാണ്.

© 2024 Live Kerala News. All Rights Reserved.