കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് 2000 രൂപ നോട്ട് കണ്ടെത്തി; ഭീകരര്‍ ലഷ്‌കര്‍ ഇ തോയ്ബ അംഗങ്ങളാവാമെന്ന് സൂചന

ജമ്മു: കശ്മീരിലെ ബന്ദിപ്പൊര ജില്ലയിലെ ഹന്‍ജാന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരില്‍ നിന്ന് പുതിയ 2000 നോട്ട്് കണ്ടെത്തി.രണ്ടാഴ്ചയ്ക്കു മുൻപു മാത്രമാണ് കേന്ദ്രസർക്കാർ പുതിയ നോട്ടുകൾ പുറത്തിറക്കിയത്. വാർത്ത ഏജൻസിയായ എഎൻഐയാണ് നോട്ടുകൾ കണ്ടെത്തിയ കാര്യം പുറത്തുവിട്ടത്. 2000 ത്തിനു പുറമെ 100 രൂപയുടെ നോട്ട് കെട്ടുകളും, എ.കെ 47 തോക്കുകളും ലഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ച ജനവാസ മേഖലയിലേക്ക് പ്രവേശിച്ച ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷമാണ് സൈന്യം കീഴടക്കിയത്.കൊല്ലപ്പെട്ട ഭീകരര്‍ എവിടെ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ലഷ്‌കര്‍ ഇ തോയ്ബ അംഗങ്ങളാവാമെന്നാണ് കരുതുന്നത്.ഭീകരര്‍ സ്ഥലത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യം ഇവിടെയത്തിയത്. ഭീകരര്‍ സൈന്യത്തിനുനേരെ വെടിവച്ചതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടായി.ഈമാസം എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചത്. ഇതിനുപകരം 2000 ത്തിന്റെ ഒറ്റനോട്ട് ഇറക്കുകയും ചെയ്തു. പാക്കിസ്ഥാനിൽ‌ നിന്നടക്കം ഇന്ത്യൻ രൂപയുടെ കള്ളനോട്ടുകൾ വ്യാപിച്ചതിന്റെ സാഹചര്യത്തിലായിരുന്നു ഇത്.

© 2023 Live Kerala News. All Rights Reserved.