തൃശൂരില്‍ 2,000 രൂപ നോട്ടിന്റെ കളര്‍ പ്രിന്റ് നല്‍കി തട്ടിപ്പ്;എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പിടിയില്‍;വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോട്ട് സ്‌കാന്‍ചെയ്ത് പ്രിന്റ് എടുത്തതാണെന്ന് കുട്ടിയുടെ മൊഴി

തൃശൂര്‍: 2,000 രൂപ നോട്ടിന്റെ കളര്‍ പ്രിന്റ് എടുത്ത് ഫാന്‍സി കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വടക്കേക്കാട് പൊലീസ് പിടികൂടി.വെളിയങ്കോട് സ്വദേശിയും പൊന്നാനിയിലെ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.പ്രിന്റെടുത്ത നോട്ടുപയോഗിച്ച് ഫാന്‍സി കടയില്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയ ശേഷം മറ്റൊരു കടയില്‍ വീണ്ടും നല്‍കാന്‍ ശ്രമിക്കുന്നതിനിടയിൽ സംശയം തോന്നിയ കടയുടമയാണ് പോലീസിനെ വിവരം അറിയിച്ചത്.മന്ദലാംകുന്നിലുള്ള കടയിലാണ് നോട്ട് പെണ്‍കുട്ടി ആദ്യം കൊടുത്തത്. അവിടെ നിന്ന് 500 രൂപയുടെ സാധങ്ങള്‍ വാങ്ങിച്ചു. കടയുടമ ബാക്കി 1500 രൂപ നല്‍കി. അതിനുശേഷം അടുത്തുള്ള കടയില്‍നിന്ന് നാനൂറ് രൂപയ്ക്ക് രണ്ട് മാക്‌സി എടുത്തു. 2,000 രൂപയുടെ നോട്ട് കൊടുത്തു. ചില്ലറയില്ലാത്തതിനാല്‍ ജീവനക്കാരി അടുത്തുള്ള ബേക്കറിയില്‍ നോട്ട് മാറാന്‍ കൊടുത്തു. നോട്ട് കണ്ട് സംശയം തോന്നിയ ബേക്കറിയുടമ പൊലീസിനെ അറിയിച്ചു. എസ്.ഐ. മോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നോട്ടുകള്‍ പരിശോധിച്ച് കുട്ടിയെ കസ്റ്റഡിയിലെടുത്തു.പൊലീസ് ചോദ്യംചെയ്തപ്പോള്‍ പ്രദേശത്തുള്ള കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ പ്രിന്റ് എടുത്തുതന്ന് സാധനങ്ങള്‍ വാങ്ങാന്‍ പറഞ്ഞുവിട്ടെന്നാണ് കുട്ടി ആദ്യം പറഞ്ഞത്. ഇയാളെ ചോദ്യംചെയ്തപ്പോള്‍ നിരപരാധിയാണെന്നു മനസ്സിലായി. പിന്നീട് ചോദ്യംചെയ്തപ്പോള്‍ വീട്ടിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് നോട്ട് സ്‌കാന്‍ചെയ്ത് പ്രിന്റ് എടുത്തതാണെന്ന് കുട്ടി മൊഴി നല്‍കി.

© 2024 Live Kerala News. All Rights Reserved.