ജയന്‍ തിരശ്ശീലയില്‍ മറഞ്ഞിട്ട് ഇന്ന് 36 വര്‍ഷം..

മലയാളത്തിലെ ആദ്യത്തെ ആക്ഷന്‍ ഹീറോ ജയന്‍ തിരശീലയില്‍ മറഞ്ഞിട്ട് ഇന്ന് 36 വര്‍ഷം.1980 നവംബര്‍ 16ന് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണ വേളയില്‍ ഹെലികോപ്ടര്‍ അപകടത്തിലാണ് ജയന്‍ എന്ന ക്യാപ്റ്റന്‍ കൃഷ്ണന്‍ നായര്‍ മരിച്ചത്.വേഷവിധാനത്തിലും സംഭാഷണശൈലി കൊണ്ടും തനതായ ഒരു രീതി വിപുലപ്പെടുത്തിയ നടനായിരുന്നു ജയന്‍.

1939 കൊല്ലത്തെ കേവള്ളിയില്‍ ജനിച്ച ജയന്‍ പതിനഞ്ച് വര്‍ഷത്തോളം നേവിയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്. നേവി ജീവിതത്തിന് ശേഷം 1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ ചലച്ചിത്ര അരങ്ങിലെത്തിയത്. വില്ലന്‍ വേഷങ്ങളിലൂടെ തുടക്കം ഗംഭീരമാക്കിയ അദ്ദേഹം തുടര്‍ന്ന് ആക്ഷന്‍ രംഗത്തേക്ക് കാലെടുത്ത് വയ്ക്കുകയായിരുന്നു. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ് അദ്ദേഹം ഇത്തരം സംഘടന രംഗങ്ങള്‍ അഭിനയിക്കാറുള്ളത്.ജയന്റെ സാഹസിക താല്‍പര്യം മനസ്സിലാക്കിയ സംവിധായകന്‍മാര്‍ അദ്ദേഹത്തിന് വേണ്ടി അത്തരം സീനുകള്‍ പ്രത്യേകം തയ്യാറാക്കുകയും ചെയ്തു. ക്രെയ്‌നില്‍ തൂങ്ങിയാടുന്ന ജയനേയും സിംഹത്തോടും ആനയോടും മല്ലിടുന്ന ജയനേയും സ്‌ക്രീനില്‍ കണ്ട് പ്രേക്ഷകര്‍ തിയേറ്ററുകളെ ഇളക്കിമറിച്ചു. 1974 മുതല്‍ 80 വരെയുള്ള ആറ് വര്‍ഷം കൊണ്ട് ഒരു തമിഴ് ചിത്രമടക്കം 116 ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഐ വി ശശി സംവിധാനം ചെയ്ത അങ്ങാടി എന്ന ചിത്രം ജയനെ കൂടുതല്‍ ജനകീയനാക്കി.മരണത്തിന് ശേഷം പുറത്തിറങ്ങിയ ദീപം എന്ന ചിത്രത്തില്‍ ജയന്റെ മരണവാര്‍ത്ത ചേര്‍ത്തിരുന്നു. മലയാള സിനിമയില്‍ ജയന് മുമ്പും പിമ്പും നിരവധി നായക കഥാപാത്രങ്ങള്‍ വന്ന് പോയെങ്കിലും പൗരുഷത്തിന്റേയം സാഹസികതയുടേയും പ്രതിരൂപമായി മലയാളികള്‍ക്കിന്നും ഒരേ താരമേയുള്ളു, അത് ജയനാണ്. കലത്തെ അതിജീവിച്ച് ജയന്‍ എന്ന നടന്‍ ഇന്നും പ്രേഷക മനസ്സുകളില്‍ ജീവിക്കുന്നു.

© 2023 Live Kerala News. All Rights Reserved.