നോട്ടിനു വേണ്ടി നോട്ടോട്ടം;നേര്‍ച്ചപ്പെട്ടികള്‍ തുറന്നിട്ട് കാക്കനാട്ടെ സെന്റ് മാര്‍ട്ടിന്‍സ് പള്ളി ; അത്യാവശ്യക്കാര്‍ക്ക് തുകയെടുക്കാം

കൊച്ചി: നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ അത്യാവശ്യക്കാര്‍ക്കു നിത്യച്ചെലവിനു പണം കണ്ടെത്താന്‍ പള്ളിയിലെ നേര്‍ച്ചപ്പെട്ടി തുറന്നു കൊടുത്തു. കാക്കനാട് തേവയ്ക്കല്‍ സെന്റ് മാര്‍ട്ടിന്‍ ഡി പോറസ് പള്ളിയിലെ രണ്ടു നേര്‍ച്ചപ്പെട്ടികളാണ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.ഇന്നലെ രാവിലെയാണ് തുറന്ന് കൊടുത്തത്. ‘നോട്ട് കിട്ടാനില്ലെന്നു സാധാരണക്കാരായ പലരും വന്നു സങ്കടം പറഞ്ഞപ്പോഴാണ് ഇങ്ങനെയൊരു തീരുമാനം എല്ലാവരും ചേര്‍ന്നെടുത്തത്’ പള്ളി വികാരിയും സിറോ മലബാര്‍ സഭയുടെ വക്താവുമായ ഫാ. ജിമ്മി പൂച്ചക്കാട്ട് പറഞ്ഞു. അത്യാവശ്യക്കാര്‍ക്ക് തങ്ങള്‍ക്കു വേണ്ട തുകയെടുക്കാം. പിന്നീട് പണം കയ്യില്‍ വരുമ്പോള്‍ നേര്‍ച്ചപ്പെട്ടിയില്‍ തിരികെ നിക്ഷേപിക്കാം. ഇതു മാത്രമാണ് അറിയിച്ചത്’ട്രസ്റ്റിമാരായ ജോഷി ചിറയത്തിന്റേയും ജിജു വാണികുളത്തിന്റേയും വാക്കുകള്‍. സാധാരണക്കാരായ പലര്‍ക്കും നേര്‍ച്ചപ്പെട്ടിയിലെ പണം ഉപകരിച്ചു. അരിയും പലവ്യഞ്ജനങ്ങളും വാങ്ങാനും കൊച്ചുകൊച്ചു കടങ്ങള്‍ വീട്ടാനും പണം ഉപയോഗിച്ചവരുണ്ട്. എടിഎം കാര്‍ഡ് ഇല്ലാത്തവരും നേര്‍ച്ചപ്പെട്ടിക്കു മുന്നിലെത്തി. പ്രദേശത്തെ ഇരുന്നൂറോളം കുടുംബങ്ങള്‍ നേര്‍ച്ചപ്പെട്ടിയുടെ സേവനം പ്രയോജനപ്പെടുത്തി.

© 2023 Live Kerala News. All Rights Reserved.