ബാങ്കുകളില്‍ നീണ്ട ക്യൂ; ജനം നോട്ടുകള്‍ മാറിതുടങ്ങി;തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് സഹായം

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ഒരു ദിവസം അടച്ചിട്ട ബാങ്കുകള്‍ ഇന്ന് തുറന്നു. മിക്ക ബാങ്കുകളിലും കറന്‍സികള്‍ മാറിവാങ്ങാനുള്ള വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. രാലിലെ അഞ്ചു മണിയോടെ തന്നെ ബാങ്കുകള്‍ക്കു മുന്നില്‍ നീണ്ട ക്യൂ രൂപപ്പെട്ടുതുടങ്ങി. തിരക്ക് നിയന്ത്രണാതീതമായതോടെ പല ബാങ്കുകളും പൊലീസ് സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ നിക്ഷേപിക്കാനുമെത്തുന്നവരുടെ നീണ്ട ക്യൂവും ഉണ്ട്. പോസ്റ്റ് ഓഫിസുകളിലും നിരവധിപേര്‍ എത്തിയിട്ടുണ്ട്. എസ്ബിടി, എസ്ബിഐ, ഫെഡറല്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക് തുടങ്ങിയ എല്ലാ ബാങ്കുകളും നോട്ടുകള്‍ മാറുന്നതിനു പ്രത്യേകം കൗണ്ടറുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എടിഎമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇന്ന് എടിഎം കൗണ്ടറുകള്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. പുതിയ നോട്ടുകള്‍ നല്‍കാന്‍ ബാങ്കുകള്‍ക്കു സൗകര്യം ഒരുക്കുന്നതിനുവേണ്ടിയാണ് ഇന്നലെ ബാങ്കുകള്‍ അടച്ചിട്ടത്.അതേസമയം, കൈയിലുള്ള 500, 1000 നോട്ടുകള്‍ ഡിസംബര്‍ 30 വരെ ബാങ്കില്‍ നിക്ഷേപിക്കാമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും. രണ്ടര ലക്ഷത്തിനു മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണു തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്കു പുറമെ 200% പിഴ ഈടാക്കാനാണു തീരുമാനം.നിയമം കര്‍ശനമാക്കിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് അനധികൃതമായി കൈവശം പണം സുക്ഷിച്ചിരുന്നവര്‍.

© 2023 Live Kerala News. All Rights Reserved.