മന്ത്രിമാരുടെ സ്വത്ത് വിവരം വെബ്‌സൈറ്റില്‍;മന്ത്രിസഭയില്‍ ഏറ്റവും അധികം സ്വത്തുള്ളത് കടകംപള്ളി സുരേന്ദ്രന്;മുഖ്യമന്ത്രിക്ക് 87 ലക്ഷം രൂപയുടെ സ്വത്ത്

തിരുവനന്തപുരം: എല്‍ഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരുടെ സ്വത്ത് വിവരം സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും സ്വത്തുവിവരങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. മന്ത്രിസഭയില്‍ ഏറ്റവും അധികം സ്വത്തുള്ളത് കടകംപള്ളി സുരേന്ദ്രനാണ്. കടകംപള്ളി സുരേന്ദ്രന്റെയും ഭാര്യയുടെയും പേരില്‍ തിരുവനന്തപുരത്തു മൂന്നിടത്തായി 1.52 കോടി രൂപ വിലവരുന്ന ഭൂമിയുണ്ട്. പൈതൃകമായി ലഭിച്ചതും ഭാര്യയുടെ പേരില്‍ വാങ്ങിയതുമായ ഭൂമിയാണിത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമുള്ളത് 87 ലക്ഷം രൂപയുടെ സ്വത്ത് വഹകളാണ്. മുഖ്യമന്ത്രി പിണറായി വിജയനന്റെ ഭാര്യയുടെ പേരില്‍ 80 ഗ്രാം തൂക്കംവരുന്ന 2.2 ലക്ഷംരൂപ വിപണിമൂല്യം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉണ്ട്. പിണറായി വിജയന്റെ കൈവശം 10,000 രൂപയും ഭാര്യയുടെ കൈവശം 2,000 രൂപയുമുണ്ട്.വിവിധ ബാങ്ക് ശാഖകളിലായി 2.58 ലക്ഷം രൂപയുടെ നിക്ഷേപമുണ്ട്. മലയാളം കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡില്‍ 30,000 രൂപ വില വരുന്ന 3,000 ഷെയറുകളുണ്ട്. മുഖ്യമന്ത്രിക്ക് 3,586 രൂപയാണ് പ്രതിമാസ വരുമാനം. ഭാര്യയ്ക്കു പെന്‍ഷനായി 23,069 രൂപയും ലഭിക്കും.മന്ത്രി ടി.എം. തോമസ് ഐസക്കിന്റെ പേരില്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി 5.03 ലക്ഷം രൂപയുടെ നിക്ഷേപമാണുള്ളത്. മന്ത്രി ഇ. ചന്ദ്രശേഖരന്റെ പേരില്‍ 15 ലക്ഷം രൂപ വിലവരുന്ന ഭൂമിയും വീടുമാണുള്ളത്. പൈതൃകമായി കിട്ടിയ സ്വത്താണിത്. ബാങ്ക് നിക്ഷേപമായി 6.63 ലക്ഷം രൂപയുമുണ്ട്.മന്ത്രി വി എസ്. സുനില്‍കുമാറിനും കുടുംബത്തിനുമായി 32 ലക്ഷം രൂപ വിലവരുന്ന ഭൂമിയും വീടുമാണുള്ളത്. 129.5 ഗ്രാം സ്വര്‍ണവുമുണ്ട്. മന്ത്രി കെ.ടി. ജലീലിന്റെ പേരില്‍ 57.5 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 18.26 ലക്ഷം രൂപയുടെയും സ്വത്തുണ്ട്.മന്ത്രി സി. രവീന്ദ്രനാഥിനും ഭാര്യയ്ക്കുമായി 94.83 ലക്ഷം രൂപയുടെ ആസ്തിയുണ്ട്. സംസ്ഥാന സഹകരണ ബാങ്ക് ശാഖയില്‍ 3.64 ലക്ഷം രൂപയുടെ വായ്പയുമുണ്ട്. മന്ത്രി എ.കെ. ബാലന്റെ പേരില്‍ 23.23 ലക്ഷം രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായുണ്ട്. ഭാര്യയുടെ പേരില്‍ 25 ലക്ഷം രൂപ മതിപ്പുവില വരുന്ന ഭൂമിയും കുടുംബ ഓഹരിയായി 11 ലക്ഷം രൂപയുടെ ഭൂമിയുമുണ്ട്.ഒക്ടോബര്‍ 10 ലെ മന്ത്രിസഭാ തീരുമാനപ്രകാരമാണ് മന്ത്രിസഭാ അംഗങ്ങള്‍ സ്വത്ത് വെളിപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.