‘നീന്തലറിയില്ല,പേടിയുണ്ട്’; ഹെലികോപ്റ്റര്‍ അപകടത്തിനു തൊട്ടുമുമ്പ് എടുത്ത താരങ്ങളുടെ അഭിമുഖം പുറത്ത്; ഷൂട്ടിംഗിനിടെ നടന്‍മാര്‍ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ച കാരണം

ബാംഗ്ലൂര്‍: കന്നഡ സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിംഗിനിടെ നൂറടി ഉയരത്തില്‍ ഹെലികോപ്റ്ററില്‍ നിന്നു ചാടിയ പ്രമുഖ നടന്‍മാരായ അനിലും ഉദയും കൊല്ലപ്പെട്ടത് സുരക്ഷാവീഴ്ച്ച കാരണമാണെന്ന് വ്യക്തമാകുന്നു.ക്ലൈമാക്‌സ് ചിത്രീകരണത്തിനു തൊട്ടുമുന്‍പു നടന്‍ ഉദയ് പ്രാദേശിക ടിവി ചാനലിനോടു പറഞ്ഞതിങ്ങനെ ” നീന്തല്‍ വശമില്ലെങ്കിലും എന്തുവില കൊടുത്തും അഭിനയിക്കും. ഇത്ര ഉയരത്തില്‍നിന്ന് ഇതുവരെ ചാടിയിട്ടില്ലാത്തതിനാല്‍ പേടിയുണ്ട്. 60-70 അടി ഉയരത്തില്‍നിന്നു ചാടാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പിന്നീടു നൂറടിയാക്കി. തടാകത്തില്‍ വീണാലുടന്‍ രക്ഷാപ്രവര്‍ത്തകരെത്തുമെന്നു സംവിധായകനും സംഘവും ഉറപ്പ് നല്‍കിയിട്ടുണ്ട്.” പക്ഷേ, അത്യാവശ്യം വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ പോലും അവിടെയുണ്ടായിരുന്നില്ല. തങ്ങള്‍ക്ക് നീന്തല്‍ അറിയില്ലെന്ന് താരങ്ങള്‍ പറഞ്ഞിട്ടും യാതൊരു സുരക്ഷാ മുന്‍കരുതലും കൂടാതെയാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരണത്തിന് തയ്യാറായതെന്ന് അഭിമുഖം വ്യക്തമാക്കുന്നു. അപകടസാധ്യത ഏറെയുണ്ടായിരുന്ന രംഗം ചിത്രീകരിക്കുന്നിടത്ത് ഒരു ആംബുലന്‍സ് പോലും ഉണ്ടായിരുന്നില്ല എന്നതും നിര്‍മാതാക്കളുടെ അശ്രദ്ധ വ്യക്തമാക്കുക്കുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മസ്തിഗുഡിയുടെ നിര്‍മ്മാതാക്കളെ പ്രതി ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മലയാള ചിത്രം ‘കോളിളക്ക’ത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ നടന്‍ ജയന്റെ മരണത്തിനിടയാക്കിയ അപകടത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ സംഭവം. ബെംഗളൂരുവില്‍നിന്നു 35 കിലോമീറ്റര്‍ അകലെ രാമനഗര മാഗഡി തിപ്പഗൊണ്ടനഹള്ളി തടാകത്തിലായിരുന്നു ‘മാസ്തി ഗുഡി’ എന്ന സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണം.

© 2024 Live Kerala News. All Rights Reserved.