ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ കന്നഡ നടന്‍മാരായ അനിലും ഉദയും കൊല്ലപ്പെട്ടു; അപകടം ഹെലികോപ്റ്ററില്‍ നിന്നു ചാടുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെ

രാമനഗരം: സിനിമാ ഷൂട്ടിംഗിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രമുഖ കന്നഡ നടന്‍മാരായ അനിലും ഉദയും കൊല്ലപ്പെട്ടു.വില്ലന്‍ വേഷങ്ങള്‍ ചെയ്യുന്ന അനില്‍,രാഘവ് ഉദയ് എന്നിവരാണ് മരിച്ചത്.ദുനിയ വിജയ് നായകനായ മസ്തിഗുഡി എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഇരുനടന്‍മാര്‍ക്കും ജീവന്‍ നഷ്ടമായത്.ബാംഗ്ലൂരില്‍ നിന്ന് മുപ്പത്തുകിലോമീറ്റര്‍ അകലെ മഗാദി റോഡിലെ തിപ്പഗൊണ്ടനഹള്ളി തടാകത്തിലാണ് അപകടമുണ്ടായത്. സിനിമയുടെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഹെലികോപ്റ്ററില്‍ നടന്ന സംഘട്ടനത്തിന്റെ രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. രംഗത്തില്‍ അഭിനയിച്ചിരുന്ന അനിലും ഉദയും ഹെലികോപ്റ്ററില്‍ നിന്നു താഴേക്കു ചാടുന്നതായിരുന്നു രംഗം. ഒപ്പം ചാടിയ ദുനിയ വിജയ് കരയിലേക്ക് നീന്തിക്കയറി രക്ഷപ്പെട്ടു. ഉദയും അനിലും തടാകത്തിലേക്ക് മുങ്ങിത്താഴ്ന്നു. ഇന്ന് മൂന്നോടെയായിരുന്നു സംഭവം.സിനിമ ചിത്രീകരണ സ്ഥലത്ത് ആവശ്യമായ മുന്‍കരുതലുകളൊന്നും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് ആരോപണമുണ്ട്.

© 2024 Live Kerala News. All Rights Reserved.