യോഗ അടിച്ചേല്‍പിക്കാനാവില്ലെന്ന് സുപ്രീംകോടതി;യോഗ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല, പക്ഷെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്ന് കോടതി

ന്യൂഡല്‍ഹി: യോഗാഭ്യാസം ആരിലും അടിച്ചേല്‍പിക്കാനാവില്ലെന്ന് സുപ്രീംകോടതി. യോഗ പ്രചരിപ്പിക്കുന്നതില്‍ തെറ്റില്ല, എന്നാല്‍ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണെന്നും സുപ്രീംകോടതി. രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ യോഗ നിര്‍ബന്ധമാക്കണമെന്ന അശ്വനി ഉപാധ്യായയുടെ പൊതു താല്‍പര്യ ഹര്‍ജി നിരസിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, എല്‍.എന്‍ റാവു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. എന്താണ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് ഒഴിവാക്കേണ്ടത് എന്ന കാര്യം അതത് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. യോഗ ആര്‍ക്കു വേണമെങ്കിലും ആരുടെ അടുത്തും പ്രചരിപ്പിക്കാം. എന്നാല്‍, എന്തു സ്വീകരിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ജനങ്ങള്‍ക്കാണ്, കോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കണമെന്ന ഹര്‍ജിയിലെ ആവശ്യം അംഗീകരിക്കാതിരുന്ന കോടതി ഈ മാസം 29ന് പരിഗണനയ്ക്കുവരുന്ന സമാനമായ കേസില്‍ കക്ഷിചേരാന്‍ ഹര്‍ജിക്കാരിക്ക് അനുമതി നല്‍കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.