വടക്കാഞ്ചേരി പീഡനം; ആരോപണവിധേയനായ പി.എന്‍. ജയന്തനെ പുറത്താക്കാന്‍ ശുപാര്‍ശ; ഏരിയാകമ്മിറ്റിയുടേതാണ് തീരുമാനം;അന്തിമതീരുമാനം ജില്ലാ സെക്രട്ടേറിയറ്റില്‍

തൃശൂര്‍:വടക്കാഞ്ചേരിയില്‍ വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു എന്ന കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ പി.എന്‍. ജയന്തനെ പുറത്താക്കാന്‍ സിപിഐഎം ഏരിയ കമ്മിറ്റിയുടെ ശുപാര്‍ശ. ഈ വിഷയത്തില്‍ അന്തിമതീരുമാനം എടുക്കുക ജില്ലാ സെക്രട്ടേറിയറ്റില്‍. തീരുമാനം അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. കൗണ്‍സിലര്‍ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നേരത്തെ ജയന്തനെതിരെ കടുത്ത നടപടിയെടുക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്ന് ഇത് സംബന്ധിച്ച് തൃശൂര്‍ ജില്ലാ കമ്മിറ്റി ഏരിയ കമ്മിറ്റിക്കു നിര്‍ദേശം നല്‍കിയിരുന്നു.കൂട്ടബലാത്സംഗത്തെക്കുറിച്ച് ഭാഗ്യലക്ഷ്മി ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിനെ തുടര്‍ന്നാണ് തൃശൂരില്‍ യുവതി ബലാത്സംഗത്തിനിരായ സംഭവം വീണ്ടും ചര്‍ച്ചയായത്. ബലാത്സംഗത്തെക്കുറിച്ചും ഇതിനുപിന്നാലെ പൊലീസില്‍നിന്നു കൂടി ഇരയ്ക്കും ഭര്‍ത്താവിനും ഏല്‍ക്കേണ്ടിവന്ന മാനസിക പീഡനത്തെക്കുറിച്ചും കുറിപ്പില്‍ വിശദീകരിച്ചിരുന്നു. തുടര്‍ന്ന് ജയന്തന്‍ ഉള്‍പ്പെടെ നാലു പേരാണ് മാനഭംഗപ്പെടുത്തിയതെന്നു വെളിപ്പെടുത്തി കൂട്ടമാനംഭംഗത്തിന് ഇരയായ വീ്ട്ടമ്മ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജയന്തനെതിരായ ആരോപണം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. കേസിലെ വസ്തുതയെന്തെന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നുമാണ് ഏരിയാ സെക്രട്ടറി സി.എന്‍.സുരേന്ദ്രന്‍ പറഞ്ഞത്.

© 2024 Live Kerala News. All Rights Reserved.