ഇറാഖില്‍ ഐഎസ് ഭീകരവാദികള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നു; സൈന്യം ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ കടന്നു

ബാഗ്ദാദ്: ഐഎസ് ഭീകരവാദികളെ തൂത്തെറിയാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇറാഖി സൈന്യം ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ കടന്നു. ടാങ്കറുകളടക്കം വന്‍ യുദ്ധസന്നഹത്തോടെയാണ് സേന മൊസൂളില്‍ കടന്നതെന്ന് ബിബിസി കറസ്‌പോണ്ടന്റ് റിപ്പോര്‍ട്ട് ചെയ്തു. സൈന്യം മൊസൂളിന് തൊട്ടടുത്തുവരെ എത്തിയ സമയത്ത് ഇറാഖി പ്രധാനമന്ത്രി ഐ.എസിന് അന്ത്യശാസനം നല്‍കിയിരുന്നു. ഒന്നുകില്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. ഭീകരര്‍ക്ക് ഇതെല്ലാതെ മറ്റു വഴികളില്ല. രക്ഷപ്പെടാനുള്ള പഴുതുകളെല്ലാം ഇറാഖ് സൈന്യം അടച്ചുവെന്നും ഭീകരരെ ഉറപ്പായും കൊല്ലുമെന്നും പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബ്ബാദി പറഞ്ഞു. ഐഎസ് തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന നഗരമാണു മൊസൂള്‍. കുര്‍ദ് പോരാളികള്‍ അടക്കം 30,000 സൈനികരാണ് ഇറാഖ് പക്ഷത്തുള്ളത്. ഇറാഖ് യുഎസ് സഖ്യസേനയുടെ മുന്നേറ്റത്തില്‍ ഇതുവരെ 900 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൊസൂളില്‍ നിലവില്‍ 35005000 ഐഎസ് ഭീകരര്‍ ഉണ്ടെന്നാണു യുഎസ് സേനയുടെ നിഗമനം. ഇറാഖി സൈന്യം നടത്താന്‍ പോകുന്ന ഏറ്റവും ശക്തമായ പോരാട്ടമായിരിക്കും മൊസൂളിലേത്. യു.എസ് അടക്കമുള്ള സഖ്യസേനകള്‍ വ്യോമാക്രമണവും മേഖലയില്‍ തുടരുന്നുണ്ട്.

© 2024 Live Kerala News. All Rights Reserved.