പക്ഷിപ്പനി ബാധിച്ച താറാവുകളെ ഇന്നുമുതല്‍ കൊന്നു തുടങ്ങും;വിറക് ഉപയോഗിച്ച് കത്തിച്ച് കൊല്ലാനാണ് നീക്കം

ആലപ്പുഴ: കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന നടപടി ഇന്ന് മുതല്‍ തുടങ്ങും. രോഗം ബാധിച്ച് ചത്ത താറാവുകളെ ശാസ്ത്രീയമായി മറവ് ചെയ്യും. പക്ഷിപ്പനി നിയന്ത്രണത്തിനായി നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സംഘം പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഇന്ന് സന്ദര്‍ശിക്കും. പനി പടരാനുള്ള സാധ്യതകള്‍ തടയുന്ന രീതിയില്‍ ശാസ്ത്രീമായി കൊല്ലാനും മറവ് ചെയ്യാനുമാണ് ഉദ്ദേശം.
ഇതിനായി ആലപ്പുഴയിലെ വിവിധ ഇടങ്ങളില്‍ എത്തുന്ന സംഘം രോഗബാധിതവും അല്ലാത്തവയുമായ താറാവുകളെ വേര്‍തിരിച്ച ശേഷമായിരിക്കും കൊലപ്പെടുത്തുക. വിറക് ഉപയോഗിച്ച് കത്തിച്ച് കൊല്ലാനാണ് നീക്കം. ഇതിനിടയില്‍ കര്‍ഷകര്‍ താറാവുകളെ മാറ്റാതിരിക്കാന്‍ കര്‍ശന നിരീക്ഷണത്തിന് പോലീസിനെ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷിപ്പനി നിയന്ത്രണ വിധേയമാക്കാം എന്നാണ് ആരോഗ്യവിഭാഗം കരുതുന്നത്. ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അസുഖം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ രോഗം നിയന്ത്രണ വിധേയമാണ് എന്നാണ് ജില്ലാ ഭരണകൂടവും പറയുന്നത്. അതേസമയം താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് കര്‍ഷരുടെ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. പ്രതിരോധ മരുന്നു ലഭ്യമാക്കാനുള്ള ഒരു നടപടിയും ജില്ലാ അധികാരികള്‍ എടുക്കുന്നില്ല എന്നാണ് കര്‍ഷകരുടെ ആരോപണം.

© 2024 Live Kerala News. All Rights Reserved.