ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി;ഇത്തവണ എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനി; മനുഷ്യരിലേക്ക് പകരുന്ന വിഭാഗത്തില്‍പ്പെട്ടതല്ലെന്ന് അധികൃതര്‍

ആലപ്പുഴ: കുട്ടനാടിനെ ഭീതിയിലാക്കി വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. രണ്ടാഴ്ച മുന്‍പ് ജില്ലയിലെ നീലംപേരൂര്‍, തകഴി, രാമങ്കരി എന്നീ സ്ഥലങ്ങളിലെ താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് തെളിഞ്ഞത്. പനി സ്ഥിരീകരിച്ചത്തോടുകൂടി ആശങ്കയിലായിരിക്കുകയാണ് പ്രദേശത്തെ ജനങ്ങള്‍. എന്നാല്‍ മനുഷ്യരിലേക്ക് പകരുന്ന വിഭാഗത്തില്‍ പെട്ട പക്ഷിപ്പനിയല്ല ഇവിടെ നിന്നും ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള പനിയെന്നാണ് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന സൂചന. മനുഷ്യരിലേക്ക് പകരാത്ത എച്ച് 5 എന്‍ 8 വിഭാഗത്തില്‍പ്പെട്ട പക്ഷിപ്പനിയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍. രണ്ട് വര്‍ഷം മുമ്പ് എച്ച് 5 എന്‍ 1 വിഭാഗത്തില്‍പ്പെട്ട മാരകമായ പക്ഷിപ്പനി ആലപ്പുഴയില്‍ പടര്‍ന്നിരുന്നു. അതിന്റെ പരിണിതഫലമായി രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും ചെയ്തിരുന്നു. ഇന്ന് ഉന്നതതല യോഗം ആലപ്പുഴയില്‍ ചേര്‍ന്ന ശേഷം പക്ഷിപ്പനി സ്ഥരീകരിച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തും. മാംസവില്‍പനയുടെ കാര്യത്തിലടക്കം യോഗത്തില്‍ തീരുമാനമുണ്ടാവും.

© 2024 Live Kerala News. All Rights Reserved.