ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി അന്തരിച്ചു;ഖത്തറില്‍ മൂന്ന് ദിവസത്തെ ദു:ഖാചരണം

ദോഹ: ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനി (84) അന്തരിച്ചു. ഇന്നലെ രാത്രി ര്‍ത്താകുറിപ്പിലൂടെയാണ് ഔദ്യോഗികമായി മരണവാര്‍ത്ത ലോകത്തെ അറിയിച്ചത്.ഇപ്പോഴത്തെ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിതാമഹനുമാണ്. ഷെയ്ഖ് ഖലീഫയുടെ മരണത്തെ തുടര്‍ന്ന് ഖത്തറില്‍ മൂന്നു ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിലെ ഖത്തര്‍ പതാക പകുതി താഴ്ത്തിക്കെട്ടും. ഔദ്യോഗിക പരിപാടികളും മൂന്നു ദിവസമുണ്ടാകില്ല.
1972 മുതല്‍ 1995 വരെയാണ് ഷെയ്ഖ് ഖലീഫ ഖത്തര്‍ ഭരിച്ചത്. 1995ല്‍ ഷെയ്ഖ് ഖലീഫയുടെ മകനും ഇപ്പോഴത്തെ അമീറിന്റെ പിതാവുമായ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി അമീറായി ചുമതലയേല്‍ക്കുകയായിരുന്നു. ഷെയ്ഖ് ഖലീഫ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നില്ല. അല്‍ റയ്യാനില്‍ 1932ലായിരുന്നു ജനനം. 1957ല്‍ വിദ്യാഭ്യാസ മന്ത്രിയായാണ് ഭരണരംഗത്തെത്തുന്നത്. വൈകാതെ ഡപ്യൂട്ടി അമീറായ അദ്ദേഹം 1960ല്‍ കിരീടാവകാശിയായി. 1960 മുതല്‍ ഖത്തറിന്റെ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയുമായും പ്രവര്‍ത്തിച്ചു. 1971ല്‍ ബ്രിട്ടനുമായുള്ള സൈനിക ഉടമ്പടി അവസാനിച്ചതിനെത്തുടര്‍ന്നു ഖത്തര്‍ സ്വതന്ത്രമായി. പിറ്റേവര്‍ഷമാണു ഷെയ്ഖ് ഖലീഫ അമീറായത്. 1984ല്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.അധികാരത്തിലെത്തിയതിന് ശേഷം ഖത്തറിന്റെ ആധുനികവത്കരണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച ഷെയ്ഖ് ഖലീഫ രാജ്യത്തെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ എത്തിക്കുന്നതിലല്‍ വളരെ പ്രയത്‌നിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.