കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതി വരുന്നു; ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു 2,500 രൂപ;ആദ്യ വിമാനം 2017 ജനുവരിയില്‍ പറന്നു തുടങ്ങും

ന്യൂഡല്‍ഹി: വിമാനയാത്രയ്ക്ക് വേണ്ടി സ്വപ്‌നം കാണുന്ന ബഹുഭൂരിപക്ഷം ഇന്ത്യക്കാരെയും ലക്ഷ്യം വച്ച് കേന്ദ്ര സര്‍ക്കാരിന്റെ (ഉഡാന്‍ ) പദ്ധതി വരുന്നു. ഒരു മണിക്കൂര്‍ വിമാന യാത്രയ്ക്കു 2,500 രൂപയെന്ന പദ്ധതിയനുസരിച്ചുള്ള ആദ്യ വിമാനം 2017 ജനുവരിയില്‍ പറന്നു തുടങ്ങും. പദ്ധതിയുണ്ട് ലക്ഷ്യം രാജ്യത്തെ ചെറുകിട നഗരങ്ങളെ കൂട്ടിയിണക്കി സാധാരണക്കാര്‍ക്കു താങ്ങാനാവുന്ന ചെലവില്‍ വിമാന യാത്ര യാഥാര്‍ഥ്യമാക്കാല്‍. ഈ കാര്യങ്ങള്‍ വ്യോമയാന സെക്രട്ടറി ആര്‍വി ചവ്‌ബേ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉഡാനില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വിമാനക്കമ്പനികളില്‍ നിന്നു വ്യോമയാന മന്ത്രാലയം അപേക്ഷ ക്ഷണിച്ചു കഴിഞ്ഞു. വലിയ വിമാനത്താവളങ്ങളില്‍ ഇറങ്ങുന്ന വിമാനങ്ങളില്‍ നിന്നും ചെറിയയൊരു ലെവി ഫീ ഈടക്കിയാകും ഈ പദ്ധതിക്ക്ഫണ്ട് കണ്ടെത്തുകയെന്നു ചവ്‌ബേ പറഞ്ഞു. ലാഭകരമായ റൂട്ടുകളിലാകും ലെവി ഏര്‍പ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ഉള്‍പ്പെടുത്തി ഉടന്‍ ഗസറ്റ് പുറപ്പെടുവിക്കും. വിമാനക്കമ്പനികളുടെ നഷ്ടം നികത്തുന്നതിനു നിധി (വയബിലിറ്റി ഗ്യാപ് ഫണ്ട്) രൂപീകരിക്കുന്നതിനാണു ലെവി വിനിയോഗിക്കുക. കേന്ദ്രത്തിനു പുറമെ ബന്ധപ്പെട്ട സംസ്ഥാനങ്ങളും നിധിയിലേക്കു നിശ്ചിത തുക നല്‍കണം.
എന്നാല്‍, പദ്ധതി നടത്തിപ്പിനു പണം കണ്ടെത്താന്‍ ലെവി ചുമത്തുന്നതോടെ വിമാന യാത്രയ്ക്കു ചെലവേറുമെന്ന് ആശങ്കയുയര്‍ന്നിട്ടുണ്ട്. ഉല്‍പന്ന സേവന നികുതിയിലെ (ജിഎസ്ടി) നികുതി നിര്‍ദേശങ്ങള്‍ വിമാന ടിക്കറ്റ് നിരക്ക് ഉയര്‍ത്തുമെന്നു രാജ്യാന്തര വ്യോമയാന സംഘടനയായ അയാറ്റയും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഉഡാനിന്റെ ഭാഗമായി ചെറു നഗരങ്ങള്‍ക്കിടയില്‍ ഒന്‍പതു മുതല്‍ 40 വരെ സീറ്റുകളുള്ള ചെറുവിമാനങ്ങളാണു പറക്കുക. പകുതി സീറ്റുകള്‍ക്കു പരമാവധി 2,500 രൂപ വരെയേ ഈടാക്കാവൂ. അവശേഷിക്കുന്നവയ്ക്കു വിപണി നിരക്കു വാങ്ങാം. ലാഭകരമല്ലാത്തതുകൊണ്ടു വിമാനക്കമ്പനികള്‍ സര്‍വീസ് നടത്താന്‍ തയാറാകാത്ത മേഖലകളും നഗരങ്ങളും പദ്ധതിക്കു കീഴില്‍ വരും.

© 2024 Live Kerala News. All Rights Reserved.