ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ഇന്ന് തുടക്കം; ഗോവയില്‍ കനത്ത സുരക്ഷ; ഉച്ചകോടി രണ്ടു ദിവസം

പനാജി: രണ്ടുദിവസത്തെ ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഗോവയില്‍ തുടക്കമാകും. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്‌സിന്റെ എട്ടാമത്തെ ഉച്ചകോടിയാണ് ഇത്. ഭീകരതയ്‌ക്കെതിരായ പോരാട്ടവും, ബ്രിക്‌സ് രാജ്യങ്ങളുമായുള്ള വാണിജ്യവ്യാപാര ബന്ധം മെച്ചപ്പെടുത്തലുമാകും മുഖ്യ അജണ്ട. ബ്രിക്‌സ് അംഗരാജ്യങ്ങളുടെ സംയുക്തമായ ഭീകരവിരുദ്ധ പോരാട്ടം പ്രഖ്യാപിക്കാനാണ് ഇന്ത്യയുടെ ശ്രമം. ഉച്ചകോടിക്കായി വിവിധ ലോക നേതാക്കള്‍ ഗോവയിലെത്തി. ഉച്ചകോടി പ്രമാണിച്ച് കനത്ത സുരക്ഷയാണ് ഗോവയിലെങ്ങും. വിവിധ ബീച്ചുകളില്‍ വിമാനവേധ തോക്കുകളടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും സഹകരണത്തിന്റെ പുതിയമേഖലകള്‍ വെട്ടിത്തുറക്കാനും ഉച്ചകോടി സഹായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതീക്ഷ പ്രകടിപ്പിച്ചു. ഉച്ചകോടിയ്‌ക്കെത്തുന്ന രാഷ്ട്രത്തലവന്‍മാരുമായി മോദി പ്രത്യേക കൂടിക്കാഴ്ചയും നടത്തുന്നുണ്ട്. രാഷ്ട്രത്തലവന്‍മാരുടെ കൂടിക്കാഴ്ചയില്‍ ഭീകരവാദത്തിനെതിരെ യോജിച്ച പോരാട്ടവും, പാകിസ്താന്റെ നിലപാടുകളും ചര്‍ച്ചാവിഷയമാകും. ബ്രിക്‌സ് ഉച്ചകോടി്ക്ക് ശേഷം ബിംസ്‌റ്റെക് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത ഉച്ചകോടിയും നടക്കും. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളാണ് ഈ സംഘടനയിലുള്ളത്. ദക്ഷിണേഷ്യയുടെ മുഴുവന്‍ സമാധാനത്തിന് പാകിസ്താന്‍ ഭീഷണിയാണെന്നും പാകിസ്താനില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളെ തുറന്നുകാട്ടാനും ബ്രിക്‌സ് വേദി ഉപയോഗിക്കാനാണ് രാജ്യത്തിന്റെ തീരുമാനം.

© 2024 Live Kerala News. All Rights Reserved.