ഭീകരവാദികളായ മസൂദ് അസ്ഹര്‍,ഹാഫിസ് സയീദ് എന്നിവര്‍ക്കെതിരെ പാക്ക് സര്‍ക്കാരും സൈന്യവും എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല? വിമര്‍ശനവുമായി പാക് ദിനപത്രം

ഇസ്‌ലാമാബാദ്:ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, ജമാഅത്ത് ഉദ്ദവ നേതാവ് ഹാഫിസ് സയീദ് എന്നിവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന പാകിസ്താനെ ചോദ്യം ചെയ്ത് പാകിസ്താനിലെ മുന്‍നിര ദിനപത്രമായ ദി നേഷന്‍.ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാത്ത പാക്ക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പാക് ദിനപത്രം രംഗത്ത് . ഇവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ കിട്ടിയിട്ടും സൈനിക നേതൃത്വവും സര്‍ക്കാറും നടപടിയെടുക്കാന്‍ മടിക്കുകയാണെന്നും പത്രം ആരോപിക്കുന്നു. പ്രമുഖ പാക് ദിനപത്രം ദി നാഷനാണ് തങ്ങളുടെ മുഖപ്രസംഗത്തില്‍ സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചിരിക്കുന്നത്. പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്ത് ഉദ്ദവ തലവനുമായ ഹാഫിസ് സയീദും സൈന്യത്തിന്റെ പിന്തുണയോടെ ഇപ്പോഴും പാകിസ്താനില്‍ സ്വതന്ത്രമായി വിഹരിക്കുകയാണ്. മാധ്യമങ്ങളെ അവരുടെ ജോലി ചെയ്യാന്‍ പഠിപ്പിക്കുന്നതിന് രാജ്യത്തെ സര്‍ക്കാരും സൈനിക നേതൃത്വവും കൂടിക്കാഴ്ച നടത്തിയത് തീര്‍ത്തും അസ്വസ്ഥത ഉണ്ടാക്കുന്ന നടപടിയാണെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു. ഭീകരവാദത്തിന് പിന്തുണ നല്‍കുന്നതിന്റെ പേരില്‍ പാക്ക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ പരാമര്‍ശം നടത്തുന്ന പാകിസ്താനിലെ രണ്ടാമത്തെ മുന്‍നിര ദിനപത്രമാണ് ദി നേഷന്‍. പാക്ക് സര്‍ക്കാരും സൈന്യവും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ദി ഡോണ്‍ ദിനപത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമായ സിറില്‍ അല്‍മേഡയോട് രാജ്യം വിട്ടുപോകരതുതെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ സിറില്‍ അല്‍മേഡയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന മുഖപ്രസംഗം, സിറില്‍ ചെയ്തത് ശരിയല്ലെങ്കില്‍ കൃത്യമായ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.